മാണി യുഡിഎഫിലേക്ക് തിരിച്ചു വരണമെന്നാണ് ആഗ്രഹം: ഉമ്മന്‍ ചാണ്ടി

മുന്‍മന്ത്രി കെ.എം മാണിയെ വീണ്ടും യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാണി യുഡിഎഫിലേക്ക് തിരിച്ചു വരണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി രംഗത്ത്
മാണി യുഡിഎഫിലേക്ക് തിരിച്ചു വരണമെന്നാണ് ആഗ്രഹം: ഉമ്മന്‍ ചാണ്ടി

കൊച്ചി: മുന്‍മന്ത്രി കെ.എം മാണിയെ വീണ്ടും യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാണി യുഡിഎഫിലേക്ക് തിരിച്ചു വരണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി രംഗത്ത്. കെ.എം മാണി തിരുച്ചവണമെന്നാണ് ആഗ്രമെന്നും തീരുമാനമെടുക്കേണ്ടത് മാണിയാണെന്നും അദ്ദേഹം പറഞ്ഞു. 

മുന്നണി പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുമായി പ്രാരംഭ ചര്‍ച്ച നടത്തി എന്നാണ് ലഭിക്കുന്ന വിവരം.തുടര്‍ ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടിയെയും പികെ കുഞ്ഞാലിക്കുട്ടിയെയും യുഡിഎഫ് ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കോട്ടയം ലോക്‌സഭാ സീറ്റില്‍ മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിക്കുമെന്നാണ് കെ എം മാണിയുടെ ഭയം. അതിനാല്‍ ഉറച്ച മറ്റൊരു മണ്ഡലം മാണി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാടാണ് മാണി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ബാര്‍കോഴക്കേസില്‍ കെഎം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ, കെ എം മാണിയെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു.

അതേസമയം ആരോടും ചര്‍ച്ച നടത്തിട്ടില്ലെന്ന് ഇതുസംബന്ധിച്ച വാര്‍ത്തകളോട് മാണി പ്രതികരിച്ചു. ആരോടും പ്രത്യേക താല്‍പ്പര്യവുമില്ല, പ്രത്യേക വിരോധവുമില്ല. ഉറച്ച സീറ്റായ കോട്ടയം വിട്ട് വയനാട്ടിലേക്ക് പോകേണ്ട ആവശ്യമില്ല. മുന്നണിയില്‍ ചേരുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും കെ എം മാണി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാട് ഉടന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് മാണിയെ വലയിലാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയത്. ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുമ്പോള്‍, പിജെ ജോസഫും കൂട്ടരും എല്‍ഡിഎഫിലേക്കുള്ള തിരിച്ചുപോക്കിനെ എതിര്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com