വാന്‍ ഓടിക്കയറി, ഇരുപതടി താഴ്ചയുള്ള കിണറ്റിലേക്ക്

കിണറിലേക്ക് പതിച്ചപ്പോള്‍ വാനിലുണ്ടായിരുന്നവരെല്ലാം മുന്‍വശത്തേക്ക് വീണു. സീറ്റിലും കമ്പയിലുമൊക്കെയായി ബലമായി പിടിച്ചിരുന്നതിനാല്‍ അധികംപേര്‍ മുന്‍വശത്തെ ഗ്ലാസിലേക്ക് പതിച്ചില്ല
വാന്‍ ഓടിക്കയറി, ഇരുപതടി താഴ്ചയുള്ള കിണറ്റിലേക്ക്

ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുമായി നിര്‍മാണ സൈറ്റിലേക്ക് പോകുന്ന വഴി വാന്‍ വെള്ളം നിറഞ്ഞ ആഴമുള്ള കിണറിലേക്ക് കുത്തനെ പതിച്ചു. വാനിലുണ്ടായിരുന്ന 16 തൊഴിലാളികള്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ട പദ്ധതി പ്രദേശത്തെ തൊഴിലാളികളായിരുന്നു വാനില്‍ ഉണ്ടായിരുന്നത്. കാക്കനാട് പാടത്തിക്കര റോഡില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.

അമിത വേഗതയിലായിരുന്ന വാന്‍ നിയന്ത്രണം വിട്ട് റോഡറികിലുള്ള കിണറിലേക്ക് വീഴുകയായിരുന്നു. വാന്‍ കിണറിനുള്ളില്‍ ഞെരുങ്ങി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. വെള്ളമുള്ള ഭാഗത്തേക്ക് എത്തിയിരുന്നെങ്കില്‍ വാനിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങുമായിരുന്നു. വാനിന്റെ പകുതി ഭാഗം കിണറിന് മുകളിലുണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് തൊഴിലാളികളെ പുറത്തിറക്കിയത്. ക്രെയില്‍ ഉപയോഗിച്ച് വാന്‍ പുറത്തെടുത്തു.

കിണറിലേക്ക് പതിച്ചപ്പോള്‍ വാനിലുണ്ടായിരുന്നവരെല്ലാം മുന്‍വശത്തേക്ക് വീണു. സീറ്റിലും കമ്പയിലുമൊക്കെയായി ബലമായി പിടിച്ചിരുന്നതിനാല്‍ അധികംപേര്‍ മുന്‍വശത്തെ ഗ്ലാസിലേക്ക് പതിച്ചില്ല. മുന്‍പിലെ ഗ്ലാസ് തകര്‍ന്നിരുന്നെങ്കില്‍ കൂറേ പേര്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നും രക്ഷപെടുംവരെ മരണമായിരുന്നു മുന്നിലെന്നും വാനിലുണ്ടായിരുന്ന ബംഗാള്‍ സ്വദേശി ഷെനീര്‍ അലി പറഞ്ഞു. 

വാന്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം പോകുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ റോഡ് നിര്‍മിച്ചിട്ടുള്ളതെന്നും വളവും തിരിവും അധികമായതിനാല്‍ അപകടസാധ്യത ഏറെയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com