സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കടുത്ത നിലപാടുമായി വൈദികര്‍ ; അന്വേഷണം ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് പരാതി നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2018 08:28 AM  |  

Last Updated: 20th January 2018 08:28 AM  |   A+A-   |  

 

കൊച്ചി : സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഏതാനും വൈദികര്‍ വത്തിക്കാന് പരാതി നല്‍കി. വൈദിക സമിതിയുടെ നേതൃത്വത്തിലല്ല, മറിച്ച് വൈദികര്‍ സ്വന്തം നിലയ്ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ഭൂമി ഇടപാട് സംബന്ധിച്ച ആറംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതമാണ് പരാതി അയച്ചത്. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ കോപ്പികളും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. 

വൈദിക സമിതി വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടെങ്കിലും, കര്‍ദിനാളിനെ ഏതാനും പേര്‍ തടഞ്ഞതിനെ തുടര്‍ന്ന് യോഗം ചേര്‍ന്നിരുന്നില്ല. തുടര്‍ന്ന് നടന്ന സിനഡില്‍ ഇടപാടില്‍ ജാഗ്രതക്കുറവ് സംഭവിച്ചതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറ്റസമ്മതം നടത്തി. സിനഡിന് ശേഷം ഒരാഴ്ചയ്ക്കകം വൈദികസമിതി വിളിച്ചുചേര്‍ക്കണമെന്ന് വീണ്ടും വൈദികര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറായില്ലെങ്കില്‍ മാര്‍പാപ്പയ്ക്ക് പരാതി നല്‍കുമെന്നും വൈദികര്‍ സൂചിപ്പിച്ചിരുന്നു. 

മൂന്ന് വൈദികരും അഭിഭാഷകനും സഭപ്രമുഖരും അടക്കമുള്ളവര്‍ അടങ്ങിയ ആറംഗ സമിതി നടത്തിയ അന്വേഷണത്തില്‍ ഭൂമി ഇടപാടില്‍ കര്‍ദിനാളിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടുകളും, ഭൂമി ഇടപാട് സംബന്ധിച്ച് പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വന്ന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളും പരാതിക്കൊപ്പം വത്തിക്കാനിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന ആലോചനാ സമിതി യോഗത്തിലും ഭൂമി ഇടപാട് ഗൗരവമായ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുണ്ട്. 

സാമ്പത്തിക ക്രമക്കേടുകളില്‍ കര്‍ക്കശ നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചുവരുന്നത്. അതുകൊണ്ടുതന്നെ ഈ പരാതിയിലും പോപ്പ് ഗൗരവമായ ഇടപെടലുകള്‍ നടത്തുമെന്നാണ് വൈദികരുടെ പ്രതീക്ഷ. നേരത്തെ ഹൈസിന്ത് എന്നയാള്‍ ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്വന്തം നിലക്ക് മാര്‍പാപ്പയ്ക്ക് പരാതി നല്‍കിയിരുന്നു.