ഇത്ര കഴിവുകെട്ട നേതൃത്വമാണോ കേരളത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമുള്ളത്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചോദിക്കുന്നു

ഓരോ സംഘര്‍ഷവും കൊലപാതകവും സിപിഎമ്മിന് പാര്‍ട്ടി വളര്‍ത്താനുള്ള അവസരമാണെങ്കില്‍ സംഘത്തെ സംബന്ധിച്ച് അത് പ്രവര്‍ത്തന മുരടിപ്പാണ് സമ്മാനിക്കുക
ഇത്ര കഴിവുകെട്ട നേതൃത്വമാണോ കേരളത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമുള്ളത്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചോദിക്കുന്നു

കണ്ണൂര്‍: ആവര്‍ത്തിച്ചുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നേതൃത്വത്തിനെതിരെ രോഷത്തോടെ ബിജെപി പ്രവര്‍ത്തകന്‍ ആര്‍ സന്ദീപ്.ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മരിച്ചു വീഴാനാണോ പ്രവര്‍ത്തകരുടെ വിധി? ഓരോ കൊലപാതകം നടക്കുമ്പോഴും ഫേസ്ബുക്കിലെ ബിജെപി ആര്‍എഎസ്എസ് വക്താക്കള്‍ ഉയര്‍ത്തുന്ന സംശയങ്ങളാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷവും സംഘട്ടനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജമാണ് നല്‍കുന്നതെങ്കില്‍ സംഘത്തെ സംബന്ധിച്ച് അത് തളര്‍ച്ചയാണ് ഉണ്ടാക്കുകെന്നും സന്ദീപ് പറഞ്ഞു.

ഉത്തരേന്ത്യന്‍ പരിപ്പ് ഈ മണ്ണില്‍ വേവില്ലെന്ന് പറഞ്ഞ് മുളയിലെ നുള്ളാനുള്ള ശ്രമത്തെ ശക്തമായി തന്നെ സംഘം നേരിട്ടിട്ടുണ്ട്. ഒന്നിന് പത്തെന്ന തരത്തില്‍ തിരിച്ച് നല്‍കിയിട്ടുമുണ്ട്. അത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. 

ആര്‍എസ്എസിന് ഇതെന്തു പറ്റി? ഇത്ര കഴിവുകെട്ട നേതൃത്വമാണോ കേരളത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമുള്ളത്? ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മരിച്ചു വീഴാനാണോ പ്രവര്‍ത്തകരുടെ വിധി? ഓരോ കൊലപാതകം നടക്കുമ്പോഴും ഫേസ്ബുക്കിലെ ബിജെപി ആര്‍എഎസ്എസ് വക്താക്കള്‍ ഉയര്‍ത്തുന്ന സംശയങ്ങളാണിത്. ഫേസ്ബുക്കില്‍ മാത്രം സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിന്റെ പരിമിതിയാണിത്.

എന്തുകൊണ്ടാണ് കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന മട്ടില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന് സംഘം ഒരു ഗുണ്ടാ സംഘടനയല്ല എന്ന് മാത്രമാണ് ഉത്തരം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സംഘവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസവും ഇതു തന്നെയാണ്. സംഘര്‍ഷവും സംഘട്ടനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജമാണ് നല്‍കുന്നതെങ്കില്‍ സംഘത്തെ സംബന്ധിച്ച് അത് തളര്‍ച്ചയാണ് ഉണ്ടാക്കുക. 
1. സിപിഎമ്മിനു വേണ്ടി മിക്കവാറും കൊല്ലുന്നതും കൊല്ലപ്പെടുന്നവരും ഗുണ്ടാ നേതാക്കളാണ്. അതേ സമയം സംഘത്തിന് എപ്പോഴും നഷ്ടമാകുന്നത് ആദര്‍ശ ധീരരായ നിരപരാധികളായ സ്വയം സേവകരെയാണ്. കാരണം സംഘം പ്രൊഫഷണല്‍ ഗുണ്ടാ സംഘങ്ങളെ പരിശീലീപ്പിച്ച് സജ്ജമാക്കിയിട്ടില്ല.
2. സിപിഎം നടത്തുന്ന ഓരോ കൊലപാതകങ്ങളും ആസൂത്രിതവും ജില്ലാസംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയുമാണ്. അതു കൊണ്ടാണ് പലപ്പോഴും ഗൂഡാലോചനാ കേസില്‍ സിപിഎം ഉന്നത നേതൃത്വം പ്രതിപട്ടികയില്‍ വരുന്നത്. 
3. സംഘപ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കേസുകളില്‍ ഭൂരിഭാഗവും തിരിച്ചടിയുടെ ഭാഗമോ പെട്ടെന്നുള്ള പ്രകോപനം മൂലമോ ആണ് സംഭവിച്ചിട്ടുള്ളത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഗത്യന്തരമില്ലാതെ നടത്തുന്ന തിരിച്ചടിയാണ് പലപ്പോഴും എതിര്‍ ചേരിയിലുള്ളവരുടെ മരണത്തില്‍ കലാശിച്ചിട്ടുള്ളത്. ഇതിന് നേതൃത്വത്തിന്റെ അറിവില്ലാത്തതിനാല്‍ തന്നെയാണ് ഒരു ആര്‍എസ്എസ് ബിജെപി നേതാവും ഇന്നേ വരെ ഗൂഡാലോചനാ കേസില്‍ പ്രതിയാകാത്തത്. 
4. സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തുന്നതും പ്രതി പട്ടികയില്‍ ഇടം പിടിക്കുന്നതും അതിനു വേണ്ടി തയ്യാറാക്കുന്ന കേഡര്‍മാരാണ്. ഇതിന് പ്രതിഫലമായി ഇവര്‍ക്ക് ധനസഹായം, വീട്ടു ചെലവ്, കുടുംബത്തിന്റെ സംരക്ഷണം, സമൂഹത്തില്‍ മാന്യമായ സ്ഥാനം തുടങ്ങി സര്‍ക്കാര്‍ ജോലി വരെ കിട്ടാറുണ്ട്. സംഘം ഇത്തരക്കാരെ തീറ്റിപ്പോറ്റാത്തതിനാല്‍ പ്രതികളാക്കപ്പെടുന്നവര്‍ക്ക് ഇതൊന്നും കിട്ടാറില്ല.
5. പ്രതികളാക്കപ്പെടുന്നവര്‍ക്ക് പ്രഗത്ഭ അഭിഭാഷകരുടെ സേവനം സിപിഎം ലഭ്യമാക്കുമ്പോള്‍, ജാമ്യം കിട്ടാന്‍ കരം ഒടുക്കിയ രസീതിന് നെട്ടോട്ടമോടുന്നവരാണ് കണ്ണൂരിലെ സ്വയം സേവകര്‍. ഭരണ കൂടത്തില്‍ നിന്നോ പൊലീസില്‍ നിന്നോ സംരക്ഷണം ഉറപ്പില്ലാതെ, ഏത് നിമിഷവും മരണം മുന്നില്‍ കണ്ട് സ്വന്തം നാട്ടില്‍ ജീവിക്കേണ്ടി വരുന്ന സ്ഥിതി വിവരണാതീതമാണ്.
6. ഓരോ സംഘര്‍ഷവും കൊലപാതകവും സിപിഎമ്മിന് പാര്‍ട്ടി വളര്‍ത്താനുള്ള അവസരമാണെങ്കില്‍ സംഘത്തെ സംബന്ധിച്ച് അത് പ്രവര്‍ത്തന മുരടിപ്പാണ് സമ്മാനിക്കുക.(ഒരു കൊലപാതകം നടന്ന സ്ഥലത്ത് ശാഖ പുനരാരംഭിക്കുക എന്നത് ഭഗീരഥ പ്രയത്‌നമാണെന്ന് അത് അനുഭവിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും.)
7. പ്രതികളാക്കപ്പെടുന്ന, ബലിദാനികളാകുന്ന ഓരോ സ്വയം സേവകന്റേയും വീടിന് വേണ്ട സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ അതത് സ്ഥലത്തെ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഭയാനകമാണ്.

ഉത്തരേന്ത്യന്‍ പരിപ്പ് ഈ മണ്ണില്‍ വേവില്ലെന്ന് പറഞ്ഞ് മുളയിലെ നുള്ളാനുള്ള ശ്രമത്തെ ശക്തമായി തന്നെ സംഘം നേരിട്ടിട്ടുണ്ട്. ഒന്നിന് പത്തെന്ന തരത്തില്‍ തിരിച്ച് നല്‍കിയിട്ടുമുണ്ട്. അത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. ഇന്ന് സംഘം ആഴത്തിലും പരപ്പിലും വേരോട്ടമുള്ള ഒരു വടവൃക്ഷമാണ്. അതിലുപരി ലോകം ഉറ്റുനോക്കുന്ന ഉത്തരവാദിത്തമുള്ള ഒരു സംഘടനയാണ്. അതു കൊണ്ടാണ് സംഘം പലപ്പോഴും സംയമനം പാലിക്കുന്നത്. അത് ഭീരുത്വമല്ല. ഇതിനേക്കാള്‍ ഭീകരവും ക്രൂരവുമായ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളെ അതിജീവിച്ചാണ് നാം ഇവിടെ വരെയെത്തിയതെന്ന് മനസ്സിലാക്കണം. ഈ ആസുര കാലത്തെയും നാം അതിജീവിക്കും. അതിന് കഴിവുള്ളയാളുകളാണ് ഇപ്പോഴും നേതൃത്വത്തിലുള്ളത്. പ്രവര്‍ത്തകരെ ശത്രുക്കളുടെ മുന്നിലേക്ക് തള്ളി വിട്ട് സുഖലോലുപരായി ജീവിതം നയിക്കുന്നവരല്ല അവര്‍. ഓരോ സ്വയം സേവകനുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നവരാണ്. അവരെ മറികടന്ന് എവിടെ തിരിച്ചടി നടത്തണമെങ്കിലും ആര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കണ്ണൂരിലേക്ക് ട്രെയിന്‍ അല്ലങ്കില്‍ ബസ് സര്‍വ്വീസ് ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com