'ഇങ്ങനൊരു എംഎല്‍എ ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്‌സിനേഷന്‍ കവറേജ് 95% കടന്ന് അപ്പുറമാണ്, ജനങ്ങള്‍ക്ക് ബോധവും ബോധ്യവുമുണ്ട് നേതാവേ...'; എഎം ആരിഫിന് മറുപടിയുമായി ഡോ ഷിംന അസീസ്

അങ്ങനെ വേണം സര്‍. ലോകത്താകമാനം നടക്കുന്ന ഒരു ആരോഗ്യപദ്ധതി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടക്കുമ്പോള്‍ പുറംതിരിഞ്ഞു തന്നെ നില്‍ക്കണം
'ഇങ്ങനൊരു എംഎല്‍എ ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്‌സിനേഷന്‍ കവറേജ് 95% കടന്ന് അപ്പുറമാണ്, ജനങ്ങള്‍ക്ക് ബോധവും ബോധ്യവുമുണ്ട് നേതാവേ...'; എഎം ആരിഫിന് മറുപടിയുമായി ഡോ ഷിംന അസീസ്

മഞ്ചേരി : മനസ്സില്ലാമനസ്സോടെയാണ് മീസില്‍സ് റുബെല്ല വാക്‌സിനേഷനെ പിന്തുണച്ചതെന്ന അരൂരിലെ സിപിഎം എംഎല്‍എ എ.എം ആരിഫിന്‍ഫെ പ്രസ്താവനക്കെതിരെ ആരോഗ്യ പ്രവര്‍ത്തകയും മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ ഡോ. ഷിംന അസീസ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരിഫിന്റെ പ്രസ്താവനയെ ഡോ. ഷിംന വിമര്‍ശിച്ചത്. 

അങ്ങനെ വേണം സര്‍. ലോകത്താകമാനം നടക്കുന്ന ഒരു ആരോഗ്യപദ്ധതി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടക്കുമ്പോള്‍ പുറംതിരിഞ്ഞു തന്നെ നില്‍ക്കണം. സര്‍ക്കാരിനെതിരെ ഇത്തരമൊരു അശാസ്ത്രീയത സംസാരിക്കാന്‍ സാറിന് എങ്ങനെ കഴിയുന്നു? സര്‍ക്കാര്‍ പദ്ധതിക്കെതിരെ മൈക്കിന് മുന്നില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോ? 

ഞങ്ങള്‍ സാധാരണക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ സാറിനെപ്പോലുള്ളവര്‍ കാരണം കഴിഞ്ഞ കുറേ മാസങ്ങള്‍ അനുഭവിച്ച സമ്മര്‍ദത്തെ കുറിച്ച് വല്ല ധാരണയുമുണ്ടോ? മലപ്പുറത്ത് ഞങ്ങള്‍ നേരിട്ട അപമാനവും ആധിയുമറിയാമോ? ഞങ്ങളുടെ ഒരു ഡോക്ടര്‍ ക്രൂരമായി അക്രമിക്കപ്പെട്ടു, നേഴ്‌സിന്റെ കൈ പിടിച്ചു തിരിച്ചൊടിച്ചു. പലയിടത്തും ഞങ്ങള്‍ അപഹാസ്യരായി. 

ഇങ്ങനൊരു MLA ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്‌സിനേഷന്‍ കവറേജ് 95% കടന്ന് അപ്പുറമാണ്. സുരക്ഷിതരായ കുഞ്ഞുങ്ങളുടെ കണക്ക് കണ്ടല്ലോ, അല്ലേ? താങ്കളെപ്പോലെയല്ല, ജനങ്ങള്‍ക്ക് ബോധവും ബോധ്യവുമുണ്ട് നേതാവേ...ഇതിനൊന്നും കഷ്ടമെന്ന് പറഞ്ഞൂടാ, പരമകഷ്ടമെന്ന് വേണം പറയാന്‍ ! ഡോ ഷിംന അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

മനസ്സില്ലാമനസ്സോടെയാണ് മീസില്‍സ് റുബെല്ല വാക്‌സിനേഷനെ പിന്തുണച്ചതെന്ന് ഭരണപക്ഷ എംഎല്‍എ അരൂരിന്റെ സ്വന്തം എ.എം ആരിഫ്. തന്റെ കുട്ടികള്‍ക്ക് ഒരു വാക്‌സിനും കൊടുത്തല്ല വളര്‍ത്തിയതെന്നും പൊതുവേദിയില്‍ പ്രഖ്യാപനം.!!!

അങ്ങനെ വേണം സര്‍. ലോകത്താകമാനം നടക്കുന്ന ഒരു ആരോഗ്യപദ്ധതി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടക്കുമ്പോള്‍ പുറംതിരിഞ്ഞു തന്നെ നില്‍ക്കണം. ശാസ്ത്രാവബോധം എന്ന ഒന്നുണ്ട് സര്‍. സമൂഹത്തിലെ മക്കളോടും സ്വന്തം മക്കളോടും സ്‌നേഹം വേണം. അവര്‍ക്ക് വേണ്ടി ചുറ്റുമൊരു കാര്യം നടക്കുമ്പോള്‍ അതെന്താണെന്ന് അറിയാന്‍ ശ്രമിക്കണം. ജയിപ്പിച്ചു വിട്ട ജനങ്ങളോട് കടമയും കടപ്പാടുമുള്ളതോര്‍ക്കണം...

സര്‍ക്കാരിനെതിരെ ഇത്തരമൊരു അശാസ്ത്രീയത സംസാരിക്കാന്‍ സാറിന് എങ്ങനെ കഴിയുന്നു? സര്‍ക്കാര്‍ പദ്ധതിക്കെതിരെ മൈക്കിന് മുന്നില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോ? സര്‍ ഈ വിഷയം പഠിച്ചിട്ടുണ്ടോ? പോട്ടെ, വെറുതെയെങ്കിലുമൊന്ന് വായിച്ച് നോക്കിയിട്ടുണ്ടോ? സമൂഹത്തില്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും മീസില്‍സ് റുബല്ല വാക്‌സിനേനെഷന്‍ കാരണം ഒഴിവാക്കപ്പെടുന്ന ദുരന്തങ്ങളെക്കുറിച്ചും എന്തെങ്കിലും അറിഞ്ഞിട്ട് തന്നെയാണോ ഈ പറഞ്ഞതൊക്കെ?

ഞങ്ങള്‍ കുറച്ച് സാധാരണക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ സാറിനെപ്പോലുള്ളവര്‍ കാരണം കഴിഞ്ഞ കുറേ മാസങ്ങള്‍ അനുഭവിച്ച സമ്മര്‍ദത്തെ കുറിച്ച് വല്ല ധാരണയുമുണ്ടോ? മലപ്പുറത്ത് ഞങ്ങള്‍ നേരിട്ട അപമാനവും ആധിയുമറിയാമോ? കുഞ്ഞുങ്ങള്‍ മീസില്‍സ് വന്ന് മരിക്കാതിരിക്കാനും അടുത്ത തലമുറ റുബല്ലയുള്ള അമ്മയുടെ ഉദരത്തില്‍ വളര്‍ന്ന് അന്ധതയും ബധിരതയും ബുദ്ധിമാന്ദ്യവും ഹൃദയവൈകല്യവും അനുഭവിക്കാതിരിക്കാനും ഞങ്ങള്‍ മുന്നിട്ടിറങ്ങിയത് കണ്ടില്ലേ? ശാപവാക്കുകളും കൈയ്യേറ്റവും ഞങ്ങള്‍ ഒരുപാട് സഹിച്ചു. ഞങ്ങളുടെ ഒരു ഡോക്ടര്‍ ക്രൂരമായി അക്രമിക്കപ്പെട്ടു, നേഴ്‌സിന്റെ കൈ പിടിച്ചു തിരിച്ചൊടിച്ചു. ഇനി അത് കണ്ടിട്ടെങ്കിലും ബോധം തെളിഞ്ഞോട്ടെ എന്ന പ്രതീക്ഷയോടെ കുറേ പേര്‍ സ്വന്തം കുട്ടികളെ ലൈവ് ക്യാമറക്ക് മുന്നില്‍ വാക്‌സിനേറ്റ് ചെയ്തു. ഒടുക്കം മലപ്പുറത്തെ ഒരു ഡോക്ടര്‍ക്ക് സ്വയം MR വാക്‌സിന്‍ കുത്തിവച്ച് കാണിക്കേണ്ടി വരെ വന്നു.

പലയിടത്തും ഞങ്ങള്‍ അപഹാസ്യരായി. ശാരീരികാക്രമണങ്ങള്‍ക്ക് മുന്നില്‍ വരെ അടിപതറാതെ ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനു വേണ്ടി നെഞ്ചും വിരിച്ച് നിലകൊണ്ടു. ഇങ്ങനെയൊക്കെ പടപൊരുതിയാണ് സര്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും സുരക്ഷിതരായത്. നിങ്ങളെപ്പോലെ കുറെയേറെ പിന്തിരിപ്പന്മാരുണ്ടായിട്ടും ഞങ്ങളെക്കൊണ്ടതിന് സാധിച്ചു.

ഇങ്ങനൊരു MLA ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്‌സിനേഷന്‍ കവറേജ് 95% കടന്ന് അപ്പുറമാണ്. സുരക്ഷിതരായ കുഞ്ഞുങ്ങളുടെ കണക്ക് കണ്ടല്ലോ, അല്ലേ? താങ്കളെപ്പോലെയല്ല, ജനങ്ങള്‍ക്ക് ബോധവും ബോധ്യവുമുണ്ട് നേതാവേ...

ഇതിനൊന്നും കഷ്ടമെന്ന് പറഞ്ഞൂടാ, പരമകഷ്ടമെന്ന് വേണം പറയാന്‍ !
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com