കച്ചവടക്കണ്ണുള്ളവര്‍ക്ക് എല്‍ഡിഎഫില്‍ സ്ഥാനമില്ല; പന്ന്യന്‍

ജനകീയ പ്രശ്‌നങ്ങളുടെ പേരില്‍ ഇടതുമുന്നണിയില്‍ നയപരമായ വിയോജിപ്പുകളുണ്ടാവും.
കച്ചവടക്കണ്ണുള്ളവര്‍ക്ക് എല്‍ഡിഎഫില്‍ സ്ഥാനമില്ല; പന്ന്യന്‍

കാട്ടാക്കട: യുഡിഎഫ് വിട്ട കച്ചവടക്കണ്ണുള്ള ചില രാഷ്ട്രീയകക്ഷികള്‍ ഗതികിട്ടാ പോലെ തെക്കുവടക്ക് നടക്കുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. ഒന്ന് വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് അവര്‍. അത്തരക്കാര്‍ക്ക് എല്‍ഡിഎഫില്‍ സ്ഥാനമുണ്ടാവില്ലെന്ന് സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ജനകീയ പ്രശ്‌നങ്ങളുടെ പേരില്‍ ഇടതുമുന്നണിയില്‍ നയപരമായ വിയോജിപ്പുകളുണ്ടാവും. അതൊന്നും മുന്നണിയെ പ്രതികൂലമായി ബാധിക്കുന്നതല്ല. സിപിഐയും കൂടി നേതൃത്വം നല്‍കി സൃഷ്ടിച്ചെടുത്ത മുന്നണിയെ ഒരാള്‍ക്ക് മാത്രമായി തകര്‍ക്കാനാവില്ല. മുഖ്യമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഇടത് ഐക്യത്തിന് മുന്‍കൈയെടുത്ത പാരമ്പര്യമാണ് സിപിഐയുടേത്. 

ഇടതുമുന്നണിക്ക് ഒരു പ്രകടനപത്രികയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയത്. അതില്‍ പറയുന്ന കാര്യങ്ങള്‍ നടത്താന്‍ ഇടതുസര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. ബി.ജെ.പിയുടെ നയങ്ങളെ എതിര്‍ക്കുന്നതിനാലാണ് ഇടതുസര്‍ക്കാരിനെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നത്. അത് കേരളത്തില്‍ വിലപ്പോവില്ല. ഭരിക്കാന്‍ മാത്രമായുണ്ടാക്കിയ തട്ടിക്കൂട്ട് മുന്നണിയായ യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുന്ന കപ്പലാണ്. ചെറുപ്പക്കാരുടെ അന്വേഷണത്തില്‍ കണ്ടെത്തിയ കൊള്ളാവുന്ന പാര്‍ട്ടി കേരളത്തില്‍ സിപിഐ ആണെന്നും പന്ന്യന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com