കേരള പൊലീസും സര്‍ക്കാരും അങ്ങേയറ്റത്തെ അധികാര ഹുങ്ക് കാണിക്കുന്നു: ജിഗ്നേഷ് മേവാനി

ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ ബ്രാഹ്മിണിക്കല്‍ മനോഭാവം തന്നെയാണ് ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരള സര്‍ക്കാരും പ്രകടമാക്കുന്നത്
കേരള പൊലീസും സര്‍ക്കാരും അങ്ങേയറ്റത്തെ അധികാര ഹുങ്ക് കാണിക്കുന്നു: ജിഗ്നേഷ് മേവാനി

കൊച്ചി: കേരള പൊലീസും കേരള സര്‍ക്കാരും അങ്ങേയറ്റത്തെ ജനാധിപത്യവിരുദ്ധതയും അധികാരഹുങ്കുമാണ് കാണിക്കുന്നതെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. വടയമ്പാടി ഭജനമഠം ജാതിമതിലിനെതിരായി പ്രക്ഷോഭം നടത്തുന്ന ദലിത് ആക്ടിവിസ്റ്റുകളേയും റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഇറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

വടയമ്പാടി ഭജനമഠം ജാതിമതിലിനെതിരായി പ്രതിഷേധ രംഗത്തുള്ള ഏട്ട് ദലിത് ഭൂ അധികാര സംരക്ഷണ മുന്നണി പ്രവര്‍ത്തകരേയും റിപ്പോര്‍ട്ടിംഗിനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരള പൊലീസും കേരള സര്‍ക്കാരും അങ്ങയറ്റത്തെ ജനാധിപത്യവിരുദ്ധതയും അധികാരഹുങ്കുമാണ് കാണിക്കുന്നത്. രാമകൃഷ്ണന്‍ പൂത്തേത്ത്, എംപി അയ്യപ്പന്‍കുട്ടി, പികെ പ്രകാശ്, വികെ മോഹനന്‍, വികെ രജീഷ്, വികെ പ്രശാന്ത്, വിടി പ്രവീണ്‍, ശശിധരന്‍ വടയമ്പാടി എന്നീ ദലിത് നേതാക്കളെയും മാധ്യമപ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍ ആഷ എന്നിവരേയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇതില്‍ ബാക്കിയുള്ളവരെ ജാമ്യത്തില്‍ വിട്ടപ്പോള്‍ ശശിധരന്‍ വടയമ്പാടി, അഭിലാഷ്, അനന്തു എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ജനാധിപത്യ ശബ്ദങ്ങളെ ഇത്തരത്തില്‍ അടിച്ചമര്‍ത്താനും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനുമുള്ള നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇവരെ അടിയന്തരമായി നിരുപാധികം മോചിപ്പിക്കാനും പീഡിപ്പിച്ചതിന് മാപ്പ് പറയാനും കേരള സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹം പറഞ്ഞു. 

ജാതിവിവേചനത്തിനും മിച്ചഭൂമി സവര്‍ണജാതിക്കാര്‍ കയ്യേറുന്നതിനും എതിരെയാണ് അവിടെ പ്രതിഷേധം നടക്കുന്നത്. ജാതിമതില്‍ കഴിഞ്ഞ വര്‍ഷം തകര്‍ത്തിരുന്നെങ്കിലും അവര്‍ണജാതിക്കാര്‍ക്ക് ഇവിടേയ്ക്കുള്ള പ്രവേശനം ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഗുരുതരമായ നിയമലംഘനവും ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയുമാണിത്. ഇത്തരത്തിലുള്ള ജാതി വിവേചനങ്ങളെ എന്നോ തടയേണ്ടിയിരുന്നതും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുള്ളതുമാണ്. എന്നാല്‍ ഇത് ചെയ്യുന്നതിന് പകരം ഒരു വര്‍ഷമായി സമരം നടത്തിക്കൊണ്ടിരിക്കുന്നവരെ അടിച്ചമര്‍ത്താനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

രാജ്യത്ത് ജനാധിപത്യമൂല്യങ്ങള്‍ക്കെതിരായി മുമ്പില്ലാത്ത വിധം തീവ്രമായ ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. സാമൂഹ്യനീതി, ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയെ എല്ലാം ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു സമയത്ത് ഫാസിസ്റ്റുകളെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളാണ്. എന്നാല്‍ അത്തരമൊരു പ്രതീക്ഷയെ വഞ്ചിക്കുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ ബ്രാഹ്മിണിക്കല്‍ മനോഭാവം തന്നെയാണ് ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരള സര്‍ക്കാരും പ്രകടമാക്കുന്നത്.അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com