ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് ദിലീപിന് അറിയാം; വിദേശയാത്ര സംശയാസ്പദമെന്നും പ്രോസിക്യൂഷന്‍

ദിലീപിന്റെ വിദേശയാത്ര ശബ്ദം പരിശോധിക്കാന്‍ വേണ്ടിയായിരുന്നോ എന്ന് സംശയമുണ്ട്.
ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് ദിലീപിന് അറിയാം; വിദേശയാത്ര സംശയാസ്പദമെന്നും പ്രോസിക്യൂഷന്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കും. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിയാമെന്നും പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വാദിച്ചു. 

ദൃശ്യത്തിലെ സ്ത്രീശബ്ദം കോടതിയില്‍ വെച്ച് പരിശോധിച്ചപ്പോള്‍ കേട്ടതാണെന്ന ദിലീപിന്റെ വാദം തെറ്റാണ്. അത്യാധുനിക ലാബില്‍ സൂക്ഷമ പരിശോധനയിലൂടെ മാത്രമേ അത് തിരിച്ചറിയാനാകൂ. ദിലീപിന്റെ വിദേശയാത്ര ശബ്ദം പരിശോധിക്കാന്‍ വേണ്ടിയായിരുന്നോ എന്ന് സംശയമുണ്ട്. ദിലീപ് നല്‍കിയ പരാതിയിലൂടെ, ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നു. 

പ്രതിഭാഗത്തിന് നല്‍കാവുന്ന 71 രേഖകളുടെ പട്ടികയും, നല്‍കാനാകാത്ത രേഖകളുടെ പട്ടികയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ ചൂണ്ടിക്കാട്ടിയത്. 

സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രം എടുത്ത് തെറ്റിദ്ധാരണ പരത്തുകയാണ്. ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ അപമാനിക്കാന്‍ദിലീപ്ശ്രമിച്ചു. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് നല്‍കരുതെന്നും ആവശ്യപ്പെട്ടു. കേസില്‍ പ്രതിഭാഗം വാദത്തിനായി ഈ മാസം 25 ലേക്ക് മാറ്റി. 

നേരത്തെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ദിലീപിന് അവസരം നല്‍കിയിരുന്നു. അതേസമയം കേസിലെ സുപ്രധാന രേഖകള്‍ പ്രതിയുടെ കൈവശമെത്തുന്നത് ഇരയെ അപകീര്‍ത്തിപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com