കെ എം മാണിയെ കൂടെ നിര്‍ത്താന്‍ രാഹുല്‍ഗാന്ധി നേരിട്ട് ഇടപെടുന്നു ; കേരള കോണ്‍ഗ്രസ് നേതൃത്വവുമായി നേരിട്ട് ചര്‍ച്ച നടത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2018 10:27 AM  |  

Last Updated: 23rd January 2018 10:27 AM  |   A+A-   |  

 

ന്യൂഡല്‍ഹി :  കെഎം മാണിയെയും കേരള കോണ്‍ഗ്രസിനെയും കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് അദ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ട് ഇടപെടുന്നു. കേരള കോണ്‍ഗ്രസ് നേതൃത്വവുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും രാഹുല്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് പോകുന്നത് തടയാന്‍ എന്തുചെയ്യാനാകുമെന്ന് രാഹുല്‍ഗാന്ധി നേതാക്കളോട് ആരാഞ്ഞിരുന്നു. എകെ ആന്റണിയുമായി ചര്‍ച്ച നടത്തിയശേഷമാകും തുടര്‍നടപടി സ്വീകരിക്കുക. 

 ജോസ് കെ മാണി എംപിയുമായുള്ള അടുത്ത ബന്ധം വഴി കെ എം മാണിയുമായുള്ള ചര്‍ച്ച സുഗമമാക്കുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. കെഎം മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫില്‍ തിരിച്ചെത്തിയില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ രാഹുലിന്റെ മനസ്സ് അറിഞ്ഞതോടെയാണ് യുഡിഎഫ് നേതൃത്വം മാണിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായത്.

എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുഡിഎഫ് വിട്ടതിലും രാഹുല്‍ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജെഡിയു മുന്നണി വിടുമെന്ന് ബോധ്യമായപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ നടത്താന്‍ യുഡിഎഫ് നേതൃത്വം തയ്യാറായില്ല. എല്‍ഡിഎഫ് ബന്ധത്തെ എതിര്‍ത്ത ജെഡിയു നേതാക്കളെ കൂടെ നിര്‍ത്താന്‍ പോലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്നും രാഹുല്‍ കേരള നേതാക്കളെ അറിയിച്ചതായാണ് സൂചന.