പറഞ്ഞ വാക്ക് പാലിക്കുക എന്ന സാമാന്യമര്യാദ ഇതുവരെ കാണിച്ചില്ല ; സികെ ജാനുവും ബിജെപി ബന്ധം ഉപേക്ഷിക്കുന്നു

മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാര്‍ഷിക ദിനമായ ഫെബ്രുവരി 19 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് സി കെ ജാനുവിന്റെ നീക്കം
പറഞ്ഞ വാക്ക് പാലിക്കുക എന്ന സാമാന്യമര്യാദ ഇതുവരെ കാണിച്ചില്ല ; സികെ ജാനുവും ബിജെപി ബന്ധം ഉപേക്ഷിക്കുന്നു

കല്‍പ്പറ്റ : തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് പിന്നാലെ സി കെ ജാനുവും ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിടാനൊരുങ്ങുന്നു. എന്‍ഡിഎ നേതൃത്വം വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തില്‍ മുത്തങ്ങ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് സി കെ ജാനുവിന്റെ നീക്കം. ആദിവാസികളുടെ ക്ഷേമത്തിനായി ജനാധിപത്യ രാഷ്ട്രീയ സഭ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് ജാനു എന്‍ഡിഎയില്‍ ഭാഗമായത്. 

ദേശീയ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ അംഗത്വം നല്‍കുമെന്നായിരുന്നു എന്‍ഡിഎ നേതൃത്വം സികെ ജാനുവിന് നല്‍കിയ വാഗ്ദാനം. ഈ വാഗ്ദാനം കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ജാനു എന്‍ഡിഎക്കൊപ്പം നിന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു വര്‍ഷമാകാറായിട്ടും, ഈ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ജാനു ആരോപിച്ചു. 

കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണം എന്നതുള്‍പ്പെടെയുളള ആവശ്യങ്ങളും ജാനു ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിലും നടപടിയുണ്ടായിട്ടില്ല. സിപിഎമ്മിനൊപ്പം രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുകയും യുഡിഎഫുമായി സഹകരിക്കുകയും ചെയ്തിട്ടുളള തനിക്ക് സമാനമായ അനുഭവമാണ് എന്‍ഡിഎയില്‍നിന്നും ഉണ്ടായതെന്ന് ജാനു ആരോപിച്ചു. മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാര്‍ഷിക ദിനമായ ഫെബ്രുവരി 19 ന് പുതിയ രാഷ്ട്രീയ നിലപാട് വിശദീകരിക്കാനാണ് ജാനുവിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com