ഹാദിയ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി ; വി ഗിരിക്ക് പകരം ജയദീപ് ഗുപ്ത ഹാജരാകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2018 10:55 AM |
Last Updated: 23rd January 2018 10:57 AM | A+A A- |

തിരുവനന്തപുരം : ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി ഗിരിയെയാണ് മാറ്റിയത്. പകരം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയെ അഭിഭാഷകനായി നിയമിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ വി ഗിരിയുടെ നിലപാട് ഏറെ വിവാദമായിരുന്നു.
ആദ്യം ഹാദിയയുടെ നിലപാട് കേള്‍ക്കണം. അതിന് ശേഷം കോടതി തീരുമാനമെടുക്കട്ടെ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും എടുത്തിരുന്ന നിലപാട്. എന്നാല്‍ കോടതിയില്‍ ഇതിന് വിപരീതമായി ആദ്യം എന്‍ഐഎ നിലപാട് കേള്‍ക്കാമെന്ന് വി ഗിരി അഭിപ്രായപ്പെടുകയായിരുന്നു.
സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതെന്നും, അതിനാല്‍ അഭിഭാഷകനെ മാറ്റണമെന്നും സിപിഎം നേതാവ് ബൃന്ദ കാരാട്ട് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയും, എന്‍ഐഎ നല്‍കിയ അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.