ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്ന ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്നാണ് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെടുക
ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. എന്‍ഐഎയ്‌ക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയിരിക്കുന്ന കോടതിയലക്ഷ്യ ഹര്‍ജിയും, എന്‍ഐഎ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും. 

സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്ന ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്നാണ് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെടുക. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന സമയത്ത് കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ലഭിക്കുന്നതിന് വേണ്ടിയാണ് ഷെഫിനുമായുള്ള ഹാദിയയുടെ വിവാഹം നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 

വേ ടു നിക്കാഹ് എന്ന വെബ്‌സൈറ്റിലൂടെയാണ് ഷെഫിനുമായുള്ള വിവാഹത്തിലേക്കെത്തിയതെന്ന ഹാദിയയുടെ വാദം കള്ളമാണെന്നും എന്‍ഐഎ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹാദിയയുടേയും ഷെഫിന്‍ ജെഹാന്റേയും വിവാഹം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഷെഫിന്‍ വേ ടു നിക്കാഹില്‍ അക്കൗണ്ട് എടുത്തതെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

സത്യസരണിയിലെ സൈനബയുടെ ഡ്രൈവറാണ് ഷെഫിന്‍ ജഹാനെ ഹാദിയയ്ക്ക് വിവാഹം കഴിക്കുന്നതിനായി കണ്ടെത്തിയതെന്ന് എന്‍ഐഎ കോടതിയെ അറിയിക്കും. എന്നാല്‍ കോടതി നിര്‍ദേശപ്രകാരമുള്ള മേല്‍നോട്ടത്തിലല്ലാതെ നടക്കുന്ന അന്വേഷണം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെഫിന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com