'അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ചൈനയില്‍ നിന്ന് പാര്‍ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്'; ബിനോയ് കോടിയേരി വിവാദത്തില്‍ സിപിഎമ്മിനെ ട്രോളി വി.ടി ബല്‍റാം

ബിനോയ് കോടിയേരിക്കെതിരെ 13കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം 
'അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ചൈനയില്‍ നിന്ന് പാര്‍ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്'; ബിനോയ് കോടിയേരി വിവാദത്തില്‍ സിപിഎമ്മിനെ ട്രോളി വി.ടി ബല്‍റാം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ 13കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ഒരു വലിയ ബക്കറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അതിന് താഴെ 'ചില അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്‍ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ'് എന്നെഴുതിയാണ് കോണ്‍ഗ്രസ് എംഎല്‍എ സിപിഎമ്മിനെ പട്രോളിയിരിക്കുന്നത്. 

ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് കമ്പനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്നും ദുബൈയില്‍ തനിക്കെതിരെ പരാതികളൊന്നും നിലനില്‍ക്കുന്നില്ല എന്നുമാണ് ബിനോയ് കോടിയേരിയുടെ വാദം. ബിനോയിക്കെതിരെ കേസുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കമ്പനി.

ദുബൈയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com