ആ സിപിഎം നേതാവ് ആരെന്ന് അന്വേഷിക്കണം; ആരോപണം അതീവ ഗുരുതരമെന്ന് രമേശ് ചെന്നിത്തല

ആ സിപിഎം നേതാവ് ആരെന്ന് അന്വേഷിക്കണം; ആരോപണം അതീവ ഗുരുതരമെന്ന് രമേശ് ചെന്നിത്തല
ആ സിപിഎം നേതാവ് ആരെന്ന് അന്വേഷിക്കണം; ആരോപണം അതീവ ഗുരുതരമെന്ന് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പ് കേസുണ്ടെന്ന ആരോപണം അതീവ ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയോ സിപിഎം നേതൃത്വമോ ഇക്കാര്യത്തില്‍ പ്രതികരണമെന്ന് ചെന്നിത്തല ആവശ്യപ്പട്ടു.

ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം വിശദീകരണം നല്‍കണം. ആരോപണ വിധേയമായത് ആരാണെന്ന് ഗൗരവമായി അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, കേരളത്തിലെ സിപിഎംനേതാവിന്റെ മകനെതിരെ പരാതി നല്‍കിയതായാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. പരാതി ലഭിച്ചതായി സിപിഎം നേതൃത്വം സ്ഥിരീകരിച്ചതായാണ് സൂചനകള്‍. പ്രതിയെ ദുബായിലെ കോടതികളില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

പ്രശ്‌നപരിഹാരത്തിന് കമ്പനി പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായാണ് സൂചന. നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 

മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്മാര്‍ ചര്‍ച്ച നടത്തിയിരുന്നു. പണം തിരിച്ചുനല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും പിന്നിട് ഒന്നും സംഭവിച്ചില്ല. ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനി പരാതിയില്‍ പറയുന്നത്. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിന് മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്ക് പുറമേ 36.06 ലക്ഷം രൂപയാണ്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തിരിച്ചടവിനത്തില്‍ നേതാവിന്റെ മകന്‍ കഴിഞ്ഞ മേയ് 16ന് നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങിയതായും കമ്പനി വ്യക്തമാക്കുന്നു.

തങ്ങള്‍ നല്‍കിയതിന് പുറമേ അഞ്ചുക്രിമിനല്‍ കേസുകള്‍കൂടി ദുബായില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദേശ്യത്തോടെയല്ല തങ്ങളില്‍ നിന്നു പണം വാങ്ങിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ഒന്നുകില്‍ മകന്‍ കോടതിയില്‍ ഹാജരാകണം, അല്ലെങ്കില്‍ പണം തിരികെ നല്‍കണം. അത് ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുളള നടപടികളുമായി മുന്നോട്ടുപോകുമെന്നും കമ്പനി പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com