പെരുമ്പാവൂരിലെ പ്രമുഖ നടനെ കാണാന്‍ കോഴിക്കോട്ട് നിന്ന് ടാക്‌സി വിളിച്ചുവന്ന യുവതി കാശ് കൊടുക്കാതെ മുങ്ങി

യുവതിയും രണ്ട് ചെറിയ കുട്ടികളും കഴിഞ്ഞ ദിവസമാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഷിനോജിന്റെ കാര്‍ വിളിച്ച് കൊച്ചിയിലേക്ക് വന്നത്
പെരുമ്പാവൂരിലെ പ്രമുഖ നടനെ കാണാന്‍ കോഴിക്കോട്ട് നിന്ന് ടാക്‌സി വിളിച്ചുവന്ന യുവതി കാശ് കൊടുക്കാതെ മുങ്ങി

കൊച്ചി: പ്രമുഖ നടനെ കാണാന്‍ കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് ടാക്‌സി വിളിച്ചുവന്ന യുവതി ഡ്രൈവറെ പറ്റിച്ച് മുങ്ങിയതായി പരാതി. പെരുമ്പാവൂരിലെ നടനെ കാണാന്‍ എത്തിയ യുവതിയാണ് പണം കൊടുക്കാതെ മുങ്ങിയത്.  കോഴിക്കോട് റെയില്‍ വേ സ്‌റ്റേഷന്‍ ടാക്‌സി സ്റ്റാന്‍ഡിലുള്ള കക്കോടി കിഴക്കും മുറി മരുംതാട്ട് വീട്ടില്‍ എം.ഷിനോജാണ് കബളിപ്പിക്കപ്പെട്ടത്. 

600 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തതിന് ശേഷമാണ് യുവതി തന്ത്രപരമായി ഷിനോജിനെ പറ്റിച്ചത്. യുവതിയും രണ്ട് ചെറിയ കുട്ടികളും കഴിഞ്ഞ ദിവസമാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഷിനോജിന്റെ കാര്‍ വിളിച്ച് കൊച്ചിയിലേക്ക് വന്നത്. യാത്രയ്ക്കിടെ പെട്രോള്‍ അടിക്കാനായി യുവതി 1000 രൂപ ഷിനോജിന് നല്‍കി. പുലര്‍ച്ചെ എറണാകുളത്തെത്തിയപ്പോള്‍ പെരുമ്പാവൂരിലെ പ്രമുഖ നടന്റെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട്. നടന്റെ വീടിന് പുറത്ത് എത്തിയപ്പോള്‍ നടന്‍ പുറത്തിറങ്ങി വന്ന് യുവതിയുമായി സംസാരിച്ചെന്നും ഷിനോജ് പറഞ്ഞു. 

ഇവിടെ നിന്ന് പാലാരിവട്ടത്തെ കന്യാസ്ത്രീ മഠത്തിലേക്ക് പോകണമെന്നാണ് യുവതി പറഞ്ഞത്. ഇവിടെ എത്തിയപ്പോള്‍ യുവതിയും കുട്ടികളും കന്യാസ്ത്രീ മഠത്തില്‍ കയറി അവിടത്തെ കന്യാസ്ത്രീകളുമായി സംസാരിച്ചു. പിന്നീട് തിരിച്ച് ഇറങ്ങി വന്ന് താന്‍ പുറത്ത് പോകുകയാണെന്നും കുറച്ചു നേരം കാത്തു നില്‍ക്കണമെന്നും പറഞ്ഞു. ബാഗ് കാറില്‍ വെച്ചുകൊണ്ടാണ് യുവതി പോയത്. അതിനാല്‍ തിരിച്ചുവരും എന്നുള്ള വിശ്വാസത്തിലായിരുന്നു ഷിനോജ്. 

എന്നാല്‍ നാല് മണിക്കൂര്‍ കാത്തു നിന്നിട്ടും യുവതിയെ കാണാതായപ്പോള്‍ കന്യാസ്ത്രീകളോട് തിരക്കുകയായിരുന്നു. എന്നാല്‍ യുവതിയെ അറിയില്ലെന്നും അവര്‍ ഒരു വൈദികനെ അന്വേഷിച്ചാണ് എത്തിയതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ഇതോടെ താന്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായ ഷിനോജ് പാലാരിവട്ടം പൊലാസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് യുവതിയുടെ ബാഗ് പരിശോധിച്ചെങ്കിലും അതില്‍ തുണികള്‍ മാത്രമാണുണ്ടായിരുന്നത്. 

കോഴിക്കോട്ടേക്ക് തിരിച്ചുപോകാന്‍ വണ്ടിയില്‍ പെട്രോള്‍ ഒഴിക്കാനുള്ള പൈസ പോലും ഷിനോജിന്റെ കൈയിലുണ്ടായിരുന്നില്ല. തന്റെ അവസ്ഥ കോഴിക്കോട് ടാക്‌സി സ്റ്റാന്‍ഡില്‍ അറിയിച്ചിരുന്നു. ഇത് അറിഞ്ഞെത്തിയ എറണാകുളം ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷനാണ് പെട്രോള്‍ കാശും ഭക്ഷണവും നല്‍കി പറഞ്ഞയച്ചത്. ടൗണ്‍ പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com