പ്രചരിപ്പിച്ചത് വ്യാജവാര്‍ത്ത; പിന്നില്‍ ഗൂഡാലോചനയെന്ന് സിപിഎം

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചതിനുപിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും സിപിഎം
പ്രചരിപ്പിച്ചത് വ്യാജവാര്‍ത്ത; പിന്നില്‍ ഗൂഡാലോചനയെന്ന് സിപിഎം

തിരുവനന്തപുരം:  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം കളളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഎം. ദുബായ് പോലീസ് ബിനോയ് കോടിയേരിയുടെ പേരില്‍ ഇന്ന് നല്‍കിയ പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇതിന് ഉത്തമ ഉദാഹരണമാണെന്നും സിപിഎം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വരെയുള്ള തിയ്യതിയില്‍ ബിനോയ് കോടിയേരിയുടെ പേരില്‍ യാതൊരു കേസും ദുബായില്‍ നിലവിലില്ലെന്ന് ദുബായ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിങ്ങ് ഡയറക്ടര്‍ ജനറല്‍ സലീം ഖലീഫ അലി ഖലീഫ അല്‍ റുമൈത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.പതിവ് കമ്മ്യൂണിസ്റ്റ് വിരോധം വച്ച് സമ്മേളന കാലയളവില്‍ പടച്ചുവിടുന്ന കള്ളക്കഥയിലെ അവസാനത്തെ ഏടായിരുന്നു ഇന്നലെ മാധ്യങ്ങള്‍ ആവേശത്തോടെ ചര്‍ച്ചയാക്കിയ കോടിയേരിയുടെ മകന്റെ പേരിലുള്ള സാമ്പത്തിക ക്രമക്കേട് എന്ന ആരോപണമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ് പറയുന്നു.

 കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചതിനുപിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും സിപിഎം ആരോപിക്കുന്നു. ബിനോയിയുടെ പേരില്‍ ദുബായില്‍ തട്ടിപ്പുകേസും യാത്രാനിരോധനവും ഉണ്ടെന്ന വ്യാജവാര്‍ത്ത ചമയ്ക്കുകയും തുടര്‍ന്ന് അതിന്റെ പേരില്‍ ദേശീയാടിസ്ഥാനത്തില്‍തന്നെ വന്‍തോതില്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തതിനുപിന്നില്‍ സിപിഐ എമ്മിനെ വേട്ടയാടുകയെന്ന ഗൂഢലക്ഷ്യം മാത്രമാണെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ് കുറ്റപ്പെടുത്തുന്നു.

ബിനോയിക്കെതിരെ അഞ്ച് കേസുണ്ടെന്നും 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്നുംവരെ മാധ്യമങ്ങള്‍ കഥ മെനഞ്ഞു. എന്നാല്‍, ബിനോയിക്കെതിരെ യുഎഇയില്‍ ഒരിടത്തും ഒരു കേസും നിലവിലില്ല. ബിനോയ് പാര്‍ട്ണറായ കമ്പനി സാമ്പത്തിക മാന്ദ്യഘട്ടത്തിലുണ്ടായ പ്രതിസന്ധിയെതുടര്‍ന്ന് ചില സാമ്പത്തിക പ്രയാസം നേരിട്ടു. അതിന്റെ 'ഭാഗമായി പണം കിട്ടാനും കൊടുക്കാനും ഉള്ളവര്‍ തമ്മില്‍ ചില തര്‍ക്കമുണ്ടായി. ബിനോയ് ഒപ്പിട്ടുനല്‍കിയ ഒരു ചെക്ക് പാര്‍ട്ണര്‍ മറ്റൊരു കക്ഷിക്ക് നല്‍കുകയും അത് മടങ്ങുകയും ചെയ്തു. ആ കേസില്‍ ബിനോയ് നേരിട്ട് ഹാജരായി പിഴ അടയ്ക്കുകയും കേസ് തീര്‍പ്പാക്കുകയും ചെയ്തു. അതിനുശേഷം ഇതുവരെ ഇതുസംബന്ധിച്ചോ മറ്റേതെങ്കിലും വിഷയത്തിലോ ദുബായില്‍ ബിനോയിക്കെതിരെ ഒരു കേസും പരാതിയും നിലവിലില്ല. ദുബായില്‍ യാത്രാവിലക്കുണ്ടെന്നും ഒരുവര്‍ഷമായി ദുബായിയില്‍ പോയിട്ടില്ലെന്നുമാണ് മറ്റൊരു നുണ. എന്നാല്‍, രണ്ടുമാസം മുമ്പുപോലും ബിനോയ് ദുബായില്‍ പോയി. ഇതൊന്നും അന്വേഷിക്കുകപോലും ചെയ്യാതെയാണ് തുണ്ടുകടലാസില്‍ പിബിക്ക് പരാതി നല്‍കിയെന്നും പറഞ്ഞുള്ള കോലാഹലമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com