ബിനോയി കോടിയേരിക്കെതിരായ പരാതിയില്‍ മധ്യസ്ഥനായി ഗണേഷ് കുമാര്‍ ; രാകുല്‍ കൃഷ്ണനുമായി ചര്‍ച്ച നടത്തി 

രാകുല്‍ കൃഷ്ണനുമായി ഗണേഷ് കുമാര്‍ കൊട്ടാരക്കരയിലെ ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. 
ബിനോയി കോടിയേരിക്കെതിരായ പരാതിയില്‍ മധ്യസ്ഥനായി ഗണേഷ് കുമാര്‍ ; രാകുല്‍ കൃഷ്ണനുമായി ചര്‍ച്ച നടത്തി 

കൊട്ടാരക്കര : കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പ്രശ്‌നപരിഹാരത്തിനായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥനായി ഇടപെടുന്നു. പരാതിക്കാരനായ രാകുല്‍ കൃഷ്ണനുമായി ഗണേഷ് കുമാര്‍ കൊട്ടാരക്കരയിലെ ഹൈലാന്‍ഡ് ഹോട്ടലില്‍ വെച്ച് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തി. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിന് രാകുല്‍കൃഷ്ണ സന്നദ്ധത അറിയിച്ചതായാണ് സൂചന. 

പത്തനാപുരത്തെ വസതിയില്‍ നിന്നുമാണ് ഉച്ചയോടെ ഗണേഷ് കൊട്ടാരക്കരയിലെ ഹോട്ടലിലെത്തിയത്. കൂടിക്കാഴ്ചയില്‍ രാകുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയും സംബന്ധിച്ചു. രാജേന്ദ്രന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. 

സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഗണേഷ് കുമാര്‍ മധ്യസ്ഥതയ്ക്ക് ഇറങ്ങിയതെന്നാണ് സൂചന. ബിനോയി കോടിയേരിക്കെതിരായ ആരോപണം വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം എന്ന നിലയില്‍ നിന്നും സിപിഎമ്മിനെയും ഇടതുമുന്നണിയെയും ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്ന സാഹചര്യത്തിലാണ് ഗണേഷിനെ സിപിഎം നേതൃത്വം മധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിച്ചത്.   

പരാതിക്കാരനായ രാകുല്‍ കൃഷ്ണയുടെ ഭാര്യപിതാവ് രാജേന്ദ്രന്‍ പിള്ള എന്‍എസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ്ാണ്. എന്‍എസ്എസുമായി അടുത്തബന്ധമുള്ള ബാലകൃഷ്ണപിള്ളയ്ക്കും ഗണേഷിനും രാജേന്ദ്രന്‍പിള്ളയുമായി സൗഹൃദമുണ്ട്. ഇതുവഴി പ്രശ്‌നപരിഹാരശ്രമമാണ് സിപിഎം നടത്തുന്നത്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകള്‍ ഗണേഷ് നിരസിച്ചു. 

ബിനോയി കോടിയേരി 13 കോടി തട്ടിച്ചെന്ന പരാതിയുമായി ദുബായ് കമ്പനി ഉടമ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍മര്‍ സുഖിയും കമ്പനിയുടെ സഹപാര്‍ട്ണറായ രാകുല്‍ കൃഷ്ണനും കൂടി സിപിഎം കേന്ദ്രനേതൃത്വത്തിന് ഈയാഴ്ച പരാതി നല്‍കിയിരുന്നു. തന്റെ ബിസിനസ് പങ്കാളിയായ രാകുല്‍കൃഷ്ണനുമായുള്ള പരിചയം ഉപയോഗിച്ച് കമ്പനിക്ക് നിക്ഷേപമുള്ള ബാങ്കുകളില്‍ നിന്ന് ബിനോയ് വായ്പ തരപ്പെടുത്തിയെന്നും, പണം തിരിച്ചടക്കാതെ മുങ്ങിയെന്നുമാണ് അബ്ദുള്ള അല്‍മര്‍ സുഖി പരാതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com