മുസ്‌ലിം സ്ത്രീ വാങ്ക് വിളിക്കുമോ?; ജുമുഅ നമസ്‌കാരത്തിന് ഇമാം ആകുമോ?

സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ പ്രതിഷേധസാധ്യത മുന്നില്‍ക്കണ്ട് പൊലീസ് സംരക്ഷണത്തിലാകും പ്രാര്‍ത്ഥന.
മുസ്‌ലിം സ്ത്രീ വാങ്ക് വിളിക്കുമോ?; ജുമുഅ നമസ്‌കാരത്തിന് ഇമാം ആകുമോ?


വാങ്ക് വിളിക്കാന്‍ ആഗ്രഹിച്ച് നടക്കുന്ന മുസ്‌ലിം പെണ്‍കുട്ടിയെക്കുറിച്ച് ഉണ്ണി. ആര്‍ മലയാളം വാരികയില്‍ എഴുതിയ കഥ 'വാങ്ക്' വായനക്കാരിലെത്തിയ ദിവസംതന്നെ മലപ്പുറത്ത് ജുമുഅ പ്രാര്‍ത്ഥനയ്ക്ക് ഒരു മുസ്‌ലിം സ്ത്രീ നേതൃത്വം നല്‍കുന്നു.
'എനിക്കൊരു ആഗ്രഹമുണ്ട് പക്ഷേ, നടക്കുവോ?'

'എന്റെ കൊച്ചേ, നിനക്ക് പ്രിന്‍സിപ്പലിനെ കെട്ടിപ്പിടിക്കണോ? അതോ, രണ്ടെണ്ണം അടിക്കണോ? അതുമല്ല ഇനിയിപ്പം ആരുടെയെങ്കിലും കൂടെ കെടക്കണോ?' ഷമീന ചോദിച്ചു

'നീ എന്നാ വേണന്ന് പറ ഞങ്ങളില്ലേ, ധൈര്യായിട്ട് പറഞ്ഞോ?'റസിയ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് തന്റെ സ്വതേയുള്ള ചിരിയോടെ പറഞ്ഞു: 'എനിക്കൊന്ന് വാങ്ക് വിളിക്കണം'.പെട്ടെന്ന് ഒരു നിമിഷം അവര്‍ നാലു പേര്‍ക്കുമിടയിലേക്ക് ആരോടും പറയാതെ നിശ്ശബ്ദത വന്നു.


ഇന്ന് വിപണിലെത്തിയ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ഉണ്ണി. ആറിന്റെ വാങ്ക് എന്ന കഥയുടെ തുടക്കമാണിത്. കോളജ് അടയ്ക്കുന്നതിനു മുമ്പ് കൂട്ടുകാരികളായ ദീപയും ജ്യോതിയും ഷമീനയും റസിയയും അവരുടെ തീവ്രമായ ഓരോ ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിക്കുന്നു. അതില്‍ റസിയയുടെ ആഗ്രഹം വാങ്ക് വിളിക്കണമെന്നാണ്. മുസ്‌ലിം സ്ത്രീകള്‍ വാങ്ക് വിളിക്കാറില്ല. വിശ്വാസപ്രമാണങ്ങള്‍ അത് അംഗീകരിക്കുന്നില്ല. ആഗ്രഹം നടപ്പാക്കാന്‍ ശ്രമിക്കുന്ന റസിയയുടെയും കൂട്ടുകാരികളുടെയും കഥയാണ് വാങ്ക്. ഈ കഥ വായനക്കാരിലെത്തിയ ദിവസംതന്നെ കഥാപ്രമേയത്തോട് സമാനമായ ഒരു സംഭവത്തിന് മലപ്പുറം സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായി ഒരു മുസ്‌ലിം സ്ത്രീ വെള്ളിയാഴ്ച പ്രാര്‍ത്ഥനയായ ജുമുഅക്ക് ഇന്ന് നേതൃത്വം നല്‍കുകയാണ്. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചറാണ് ജുമുഅ നമസ്‌കാരത്തിന് ഇമാം ആകുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മലപ്പുറം വണ്ടൂര്‍ ചെറുകോടുള്ള ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കേന്ദ്ര ഓഫീസിലാണ് നമസ്‌കാരം. ആരാധനയായ ഖുതുബയും നമസ്‌കാരവും ജാമിദ ടീച്ചറിന്റെ നേതൃത്വത്തില്‍ നടക്കും. ഈ വാര്‍ത്തയോട് അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.


രണ്ടാഴ്ച മുമ്പാണ് ഉണ്ണി. ആര്‍ കഥ വാരികയിലേക്ക് അയക്കുന്നത്. വാങ്ക് വിളിക്കാനുള്ള ആഗ്രഹത്തിന് ഉമ്മയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും റസിയയ്ക്ക് പച്ചക്കൊടി ലഭിക്കുന്നില്ല. ഒടുവില്‍ അവള്‍ക്കുമുന്നില്‍ വാങ്ക് വിളിക്ക് ഒരു വഴി തെളിയുന്നതോടെ കഥ വികസിക്കുന്നു. മുസ് ലിം സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അനേകം ചോദ്യങ്ങള്‍ വാങ്ക് ഉയര്‍ത്തുന്നുണ്ട്.


ചേകന്നൂര്‍ മൗലവിയുടെ ആശയം ഉള്‍ക്കൊണ്ടാണ് സുന്നത്ത് സൊസൈറ്റിയുടെ പ്രവര്‍ത്തനം. പുരുഷന്മാരാണ് ജുമുഅ പ്രാര്‍ത്ഥനയ്ക്ക് മുസ്‌ലിം സമൂഹത്തില്‍ നേതൃത്വം വഹിക്കുന്നത്. സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ പ്രതിഷേധസാധ്യത മുന്നില്‍ക്കണ്ട് പൊലീസ് സംരക്ഷണത്തിലാകും പ്രാര്‍ത്ഥന. കഥ വായനക്കാരിലെത്തുന്ന ദിവസംതന്നെ സമാനമായ സംഭവം നടക്കുന്നത് കൗതുകത്തോടെ കാണുന്നുവെന്ന് ഉണ്ണി. ആര്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com