യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകം : ഗവര്‍ണര്‍ പി സദാശിവം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2018 11:36 AM  |  

Last Updated: 26th January 2018 11:36 AM  |   A+A-   |  

 

തിരുവനന്തപുരം :  യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. രാജ്യത്തിന് അകത്തും പുറത്തും ചിലര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്ന യുവാക്കളെ പ്രതിരോധിക്കേണ്ടത് നമ്മുടെ ചുമതലയാണ്. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ സല്‍കീര്‍ത്തിക്ക് കളങ്കമുണ്ടാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയമായോ, മതപരമായോ ഉള്ള വിദ്വേഷങ്ങള്‍ക്ക് ജനാധിപത്യ സമൂഹത്തില്‍ സ്ഥാനമില്ല. ജനാധിപത്യവും ഭരണഘടനയും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് സുരക്ഷാ കവചമായിട്ടുണ്ട്. സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. 

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഏത് സമാധാന ഭഞ്ജന ശ്രമങ്ങളെയും ഇന്ത്യന്‍ സൈന്യം ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിലടക്കം സൈന്യം നിര്‍വഹിച്ച പങ്കിനെ നന്ദിയോടെ സ്മരിക്കുന്നു. കേരള വികസനത്തിന് പ്രവാസി മലയാളികളുടെ പങ്കിനെക്കുറിച്ച് അടുത്തിടെ നടന്ന ലോകകേരള സഭയില്‍ ചര്‍ച്ച ചെയ്തിരുന്നു. ലോകത്തെ അവസരങ്ങളും സാധ്യതകളും നമുക്ക് മുന്നില്‍ തുറന്ന് കിട്ടാനും,  പുതിയ വികസന മാതൃകയ്ക്കും പ്രവാസി മലയാളികളുടെ സഹായം അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. 

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വിവിധ സേനാവിഭാഗങ്ങളും പൊലീസും എന്‍സിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റോടെയാണ് റിപ്പബ്ലിക് ദിനാഘോഷം നടന്നത്.  മറ്റു ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന റിപ്പബ്ലിക് പരേഡുകളില്‍ മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. കൊച്ചി നാവികാസ്ഥാനത്ത് നടന്ന പരേഡിന് വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വെ നേതൃത്വം വഹിച്ചു.