ശബ്ദിക്കുന്ന സ്ത്രീകള്‍ക്കെതിരെ പുരുഷമേധാവിത്വ സമൂഹത്തിന്റെ ആയുധമാണ് സ്ലറ്റ് ഷെയിമിങ്; ഹരീഷ് വാസുദേവന്‍

ഷാനി പ്രഭാകരനെ അധിഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
ശബ്ദിക്കുന്ന സ്ത്രീകള്‍ക്കെതിരെ പുരുഷമേധാവിത്വ സമൂഹത്തിന്റെ ആയുധമാണ് സ്ലറ്റ് ഷെയിമിങ്; ഹരീഷ് വാസുദേവന്‍

മുഖം നോക്കാതെ രാഷ്ട്രീയ നേതാക്കളെ തുറന്നുകാട്ടാനുള്ള ഷാനിയുടെ തൊഴില്‍പരമായ കഴിവിനെ ആ അര്‍ത്ഥത്തില്‍ പ്രതിരോധിക്കാന്‍ കഴിയാതെ വരുമ്പോഴാണ് അതിന്റെ ഇരകള്‍ അവരെ അപഹസിക്കാന്‍ ലജ്ജാകരമായ മറ്റു വഴികള്‍ തേടുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. ഷാനി പ്രഭാകരനെ അധിഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ശബ്ദിക്കുന്ന സ്ത്രീകള്‍ക്കെതിരെ പുരുഷമേധാവിത്വ സമൂഹത്തില്‍ ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമാണ് 'സ്ലറ്റ് ഷെയിമിങ്'. അതിനായി ഇക്കൂട്ടര്‍ വ്യക്തികളുടെ സ്വകാര്യതയില്‍, കുളിമുറിയിലും കിടപ്പറയിലും വരെ ഒളിഞ്ഞു നോക്കും, അതൊക്കെ വാര്‍ത്തയുമാക്കും. സ്വകാര്യത എന്നത് പൗരന്മാരുടെ മൗലികാവകാശമാണെന്നു സുപ്രീംകോടതി വിധിച്ചിട്ടൊന്നും കാര്യമില്ല, ക്രിമിനല്‍ കേസെടുക്കും വരെ ഒളിഞ്ഞുനോട്ടം ഇക്കൂട്ടര്‍ക്ക് മൗലികാവകാശം പോലെയാണെന്നും ഹരീഷ് പറഞ്ഞു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന ദൃശ്യമാധ്യമ അവതാരക ആണ് മനോരമ ന്യൂസിലെ ഷാനി പ്രഭാകരൻ. അവതരണത്തിലെ കൃത്യതയും കണിശതയുമാർന്ന ഇടപെടലും മാത്രമല്ല, ധീരമായ നിലപാടും ഷാനിയെ ഇഷ്ടപ്പെടാനുള്ള ഘടകങ്ങൾ ആണ്. മുഖം നോക്കാതെ രാഷ്ട്രീയ നേതാക്കളെ തുറന്നുകാട്ടാനുള്ള ഷാനിയുടെ തൊഴിൽപരമായ കഴിവിനെ ആ അർത്ഥത്തിൽ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോഴാണ് അതിന്റെ ഇരകൾ അവരെ അപഹസിക്കാൻ ലജ്ജാകരമായ മറ്റു വഴികൾ തേടുന്നത്. അതിന്റെ ഭാഗമാണ് സോഷ്യൽ മീഡിയയിൽ അടുത്ത കാലത്തായി അവർക്കെതിരായി നടക്കുന്ന ആക്രമണം.

പരദൂഷണത്തിനും ഏഷണിയ്ക്കും മാത്രം പേരുകേട്ട പുരാണകഥാപാത്രത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന, നുണപ്രചരണം മാത്രമറിയാവുന്ന ഒരു നാലാംകിട ഓൺലൈൻ മഞ്ഞപ്പത്രം, ദുസ്സൂചനകൾ അടക്കമുള്ള നുണ പ്രചരിപ്പിക്കുകയും, അത് അശ്ലീലം ചേർത്ത് സംഘികളും കമ്മികളും ഷെയർ ചെയ്യുകയും ചെയ്തു. അതുവഴി ഷാനിയ്ക്ക് കിട്ടുന്ന പൊതുപിന്തുണയെയോ മാനസിക സന്തോഷത്തെയോ തകർക്കാമെന്നും അതുവഴി നിശ്ശബ്ദയാക്കാം എന്നുമായിരിക്കും ഇക്കൂട്ടർ കരുതിയത്. ശബ്ദിക്കുന്ന സ്ത്രീകൾക്കെതിരെ പുരുഷമേധാവിത്വ സമൂഹത്തിൽ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല ആയുധമാണ് 'സ്ലറ്റ് ഷെയിമിങ്'. അതിനായി ഇക്കൂട്ടർ വ്യക്തികളുടെ സ്വകാര്യതയിൽ, കുളിമുറിയിലും കിടപ്പറയിലും വരെ ഒളിഞ്ഞു നോക്കും, അതൊക്കെ വാർത്തയുമാക്കും. സ്വകാര്യത എന്നത് പൗരന്മാരുടെ മൗലികാവകാശമാണെന്നു സുപ്രീംകോടതി വിധിച്ചിട്ടൊന്നും കാര്യമില്ല, ക്രിമിനൽ കേസെടുക്കും വരെ ഒളിഞ്ഞുനോട്ടം ഇക്കൂട്ടർക്ക് മൗലികാവകാശം പോലെയാണ്.

സൈബർ വെട്ടികിളിക്കൂട്ടങ്ങളെ ഭയന്ന് മിണ്ടാതിരിക്കാനാണെങ്കിൽ അതിനേ നേരം കാണൂ. പോലീസ് മേധാവിയ്ക്ക് പരാതി കൊടുത്തത് നന്നായി. പാർവ്വതിയുടെ കേസിൽ എന്നപോലെ അപവാദം പ്രചരിപ്പിച്ച ഒരുത്തനെങ്കിലും 5 ദിവസം ജയിലിൽ കിടക്കുന്നത് നല്ലതാണ്. വിമർശനവും നുണപ്രചരണവും രണ്ടാണെന്നു ജയിലിൽ കിടക്കുമ്പോഴെങ്കിലും ഇക്കൂട്ടർക്ക് മനസിലാകേണ്ടതാണ്.

ഷാനി എന്നല്ല, ഓരോ വ്യക്തിയ്ക്കും മാന്യമായും സ്വകാര്യതയോടെയും ജീവിക്കാനുള്ള അവകാശമുണ്ട്. ഇക്കാര്യം സോഷ്യൽ മീഡിയയോ ഓൺലൈൻ മാധ്യമങ്ങളോ മാത്രമല്ല, പത്ര-ദൃശ്യ മാധ്യമങ്ങളും ഓർക്കേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com