പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ എഎസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു ; പകരം സ്ഥലംമാറ്റം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2018 09:19 AM  |  

Last Updated: 27th January 2018 09:19 AM  |   A+A-   |  

 

കണ്ണൂര്‍ : സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ആശിഷ് രാജിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന മട്ടന്നൂര്‍ സ്റ്റേഷന്‍ എഎസ്‌ഐ മനോജ്കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച മനോജ് കുമാറിനെ മട്ടന്നൂരില്‍ നിന്ന് മാലൂര്‍ സ്‌റ്റേഷനിലേക്കു സ്ഥലംമാറ്റി. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ പൊലീസ് മേധാവി കൈമാറി. ഇക്കഴിഞ്ഞ 18നായിരുന്നു മനോജ്കുമാറിനെ സ്സ്‌പെന്‍ഡ് ചെയ്തത്. 

സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ച് പത്തു ദിവസം തികയും മുന്‍പാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ആശിഷ് രാജിനോട്  മനോജ്കുമാര്‍ മോശമായി പെരുമാറിയിട്ടില്ലെന്നു അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ മൊഴി നല്‍കിയിരുന്നു. മനോജ് കുമാറിനോട് ആശിഷ് രാജ് കയര്‍ത്തു സംസാരിച്ചതായും 'നിനക്കു ഞാന്‍ കാണിച്ചു തരാമെടാ' എന്നു പറഞ്ഞതായും സംഭവസമയത്ത് പൊലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ മൊഴി നല്‍കി.

സ്‌കൂള്‍ വിദ്യാര്‍ഥികളോടൊപ്പം ടൂറിസ്റ്റ് ബസില്‍ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ വന്നിറങ്ങിയ ആശിഷ് രാജ് വിദ്യാര്‍ത്ഥിനികള്‍ക്കായി സ്‌റ്റേഷനിലെ ശുചിമുറി സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എഎസ്‌ഐ മനോജ് കുമാര്‍ അപമര്യാദയായി പെരുമാറി എന്നാണ് പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി ആശിഷ് രാജ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍ഡകിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവുകൂടിയായ മനോജിനെതിരെ അച്ചടക്ക നടപടി എടുത്തത്. ആശിഷ് രാജിനെ മനോജ് തള്ളിമാറ്റുന്ന വീഡിയോയും ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നാണ് സൂചന.