"അവസാനത്തെ ഹര്‍ജിയില്‍ അസ്വാഭാവികതയുണ്ട്" : ഫോണ്‍ കെണി കേസിലെ സ്വകാര്യ ഹര്‍ജിയില്‍ സംശയം പ്രകടിപ്പിച്ച് എകെ ശശീന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2018 02:55 PM |
Last Updated: 29th January 2018 02:55 PM | A+A A- |

തിരുവനന്തപുരം : ഫോണ്‍കെണി കേസില്‍ ഏറ്റവുമൊടുവില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍. മാധ്യമങ്ങള്‍ക്കും പൊതുജനത്തിനും തോന്നിയതുപോലെ തനിക്കും അസ്വാഭാവികത തോന്നി. എന്നാല്‍ തന്റെ പാര്‍ട്ടിയിലെ ഏതെങ്കിലും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അത്തരമൊരു പ്രവൃത്തി ഉണ്ടാകില്ലെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
തന്നോട് ഫോണില്‍ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും, ശശീന്ദ്രനെതിരായ പരാതിയും തുടര്‍നടപടിയും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിക്കാനിരിക്കെയാണ്, നാടകീയമായി സ്വകാര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കേസ് തീര്‍പ്പാക്കരുതെന്നും, ഭയന്നിട്ടാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക മൊഴിമാറ്റിയതെന്നും സ്വകാര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തൈക്കാട് സ്വദേശി മഹാലക്ഷ്മിയുടെ പേരിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരുടെ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. അതിനിടെ ശശീന്ദ്രന്റെ കേസ് നീണ്ടുപോകാന്‍ എന്‍സിപിയില്‍ തന്നെ ഒരു വിഭാഗം ആഗ്രഹിക്കുന്നതായി ആരോപണം സജീവമായിരുന്നു.
തന്റെ മന്ത്രിസ്ഥാനത്തിലെ ധാര്‍മികത സംബന്ധിച്ച പ്രതിപക്ഷത്തിന്റെയോ, മറ്റുള്ളവരുടെയോ അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കാനില്ലെന്ന് എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആര്‍ ബാലകൃഷ്ണപിള്ളയെ എന്‍സിപിയില്‍ എടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.