ഭാര്യയുടെ സമ്പാദ്യമെല്ലാം ധൂര്‍ത്തടിച്ചു ; പണമെല്ലാം തീര്‍ന്നപ്പോള്‍ വിവാഹമോചനത്തിന് ശ്രമിച്ച ഭര്‍ത്താവിന് കിട്ടിയത് കിടിലന്‍ പണി

ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെ നല്‍കിയ കേസില്‍ 63,00,160 രൂപയും 65 പവന്‍ സ്വര്‍ണവും വീടും സ്ഥലവും നല്‍കാനാണ് കോടതി ഉത്തരവിട്ടത്
ഭാര്യയുടെ സമ്പാദ്യമെല്ലാം ധൂര്‍ത്തടിച്ചു ; പണമെല്ലാം തീര്‍ന്നപ്പോള്‍ വിവാഹമോചനത്തിന് ശ്രമിച്ച ഭര്‍ത്താവിന് കിട്ടിയത് കിടിലന്‍ പണി

ഇടുക്കി : ഭാര്യയുടെ സമ്പാദ്യമെല്ലാം ധൂര്‍ത്തടിച്ച് ആഡംബരത്തോടെ കഴിഞ്ഞ ഭര്‍ത്താവ് പണമെല്ലാം തീര്‍ന്നപ്പോള്‍ വിവാഹമോചന ആവശ്യവുമായി കോടതിയെ സമീപിച്ചു. ഈ നീക്കം അറിഞ്ഞ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന് കിട്ടിയത് കിടിലന്‍ പണി. 65 ലക്ഷം രൂപയും 63 പവനും തിരികെ നല്‍കാനാണ് ഭര്‍ത്താവിനോട് കുടുംബകോടതി ഉത്തരവിട്ടത്. വണ്ണപ്പുറം സ്വദേശി
ജോളിക്കും മാതാപിതാക്കള്‍ക്കുമാണ് കുടുംബകോടതിയുടെ നിര്‍ദേശം. 

ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും എതിരെ ഭാര്യ നല്‍കിയ കേസില്‍ 63,00,160 രൂപയും 65 പവന്‍ സ്വര്‍ണവും വീടും സ്ഥലവും നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 1998 മുതല്‍ പലപ്പോവായി ഭര്‍ത്താവിന് നല്‍കിയ 20 ലക്ഷം രൂപയും 2006 ലും 2009 ലും വസ്തുക്കള്‍ വിറ്റ വകയില്‍ കിട്ടിയ പണവും, വിവാഹസമയം നല്‍കിയ അഞ്ചുലക്ഷം രൂപയും അടക്കമാണ് 63,00,160 രൂപ നല്‍കേണ്ടത്. 

വിവാഹസമയത്ത് നല്‍കിയ 50 പവന്‍ ഭര്‍ത്താവും മാതാപിതാക്കളും പരാതിക്കാരിക്ക് തിരികെ നല്‍കണം. ഹര്‍ജിക്കാരി പിന്നീട് സമ്പാദിച്ച 15 പവന്‍ സ്വര്‍ണം ഭര്‍ത്താവ് നല്‍കാനും കോടതി വിധിച്ചു. 2006 ല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വാങ്ങിയ 15 സെന്റ് ഭൂമിയില്‍ നിര്‍മ്മിച്ച വീട് ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കോടതി വിധിച്ചു. 

മൂന്നുമാസത്തിനകം തുക പരാതിക്കാരിക്ക് നല്‍കാനാണ് കുടുംബകോടതി ജഡ്ജി എം കെ പ്രസന്നകുമാരിയുടെ വിധി. അല്ലാത്തപക്ഷം ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരിലുള്ള വസ്തുക്കള്‍ ലേലം ചെയ്ത പണം ഈടാക്കാനും കോടതി വിധിച്ചു. ഡല്‍ഹിയിലും സൗദിയിലുമെല്ലാം ജോലി ചെയ്ത് പരാതിക്കാരി സമ്പാദിച്ച പണമെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com