മുത്തലാഖ് ചൊല്ലിയതിനെതിരായ സമരത്തില്‍ നിന്ന് യുവതിയെ പിന്തിരിപ്പിച്ച സിപിഎം വെട്ടില്‍

കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് ഭര്‍ത്താവ് നിലപാട് സ്വീകരിച്ചതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്
മുത്തലാഖ് ചൊല്ലിയതിനെതിരായ സമരത്തില്‍ നിന്ന് യുവതിയെ പിന്തിരിപ്പിച്ച സിപിഎം വെട്ടില്‍

ആലപ്പുഴ : മുത്തലാഖില്‍ മൊഴി ചൊല്ലിയതിനെതിരെ പള്ളിക്കുമുന്നില്‍ സമരം ആരംഭിച്ച യുവതിയെ, സമരത്തില്‍ നിന്നും പിന്തിരിപ്പിച്ച സിപിഎം വെട്ടിലായി. കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് ഭര്‍ത്താവ് നിലപാട് സ്വീകരിച്ചതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. 

തുറവൂര്‍ പാട്ടുപുരയ്ക്കല്‍ നിഷയെ ഭര്‍ത്താവ് ഷിഹാബ് മുത്തലാഖ് ചൊല്ലി. മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് തെക്കന്‍ ആര്യാട് മഹല്ലിന് മുകളില്‍ നിഷയും പ്രായമായ ഉമ്മയും മൂന്നു മക്കളും സമരം തുടങ്ങിയത്. ജീവനാംശവും നഷ്ടപരിഹാരവും നല്‍കാതെ മറ്റൊരു വിവാഹത്തിന് പള്ളിക്കമ്മിറ്റി അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു യുവതിയും കുട്ടികളും ഉമ്മയും സമരം നടത്തിയത്. 

സമരം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ, ജില്ലാ പഞ്ചായത്തംഗം പി എ ജുമൈലത്ത് വഴി സിപിഎം പ്രശ്‌നത്തിലിടപെടുകയും നിഷയെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. സ്തീധനം ഉള്‍പ്പെടെ 20 ലക്ഷവും ജീവനാംശവും നഷ്ടപരിഹാരമായി കിട്ടണമെന്നാണ് നിഷയുടെ ആവശ്യം. 

17 ലക്ഷവും ജീവനാംശവും നല്‍കണമെന്നാണ് കുടുംബ കോടതി വിധിച്ചിട്ടുള്ളത്. എന്നാല്‍ കോടതി വിധിച്ച അത്ര തുക പോലും നല്‍കാനാവില്ലെന്നാണ് ഷിഹാബിന്റെ നിലപാട്. ആകെ 15 ലക്ഷം രൂപ മാത്രം നല്‍കാമെന്നാണ് ഷിഹാബ് അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് യുവതി വ്യക്തമാക്കി. തനിക്കും മൂന്നു മക്കള്‍ക്കും മാന്യമായി ജീവിക്കാനുള്ള അവസ്ഥ മധ്യസ്ഥര്‍ ഉണ്ടാക്കണമെന്നും നിഷ ആവശ്യപ്പെട്ടു. 

കോടതി വിധിച്ച നഷ്ടപരിഹാര തുക പോലും നല്‍കാനാവില്ലെന്ന ഉറച്ച നിലപാടില്‍ യുവാവ് തുടരുന്നതോടെ, പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് ഇടപെട്ട സിപിഎം ഊരാക്കുടുക്കിലായിരിക്കുകയാണ്. പ്രശ്‌നത്തില്‍ നിന്നും പിന്‍വലിഞ്ഞാല്‍, ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്ത നിഷയെയും കുട്ടികളെയും, സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ച് വഞ്ചിച്ചെന്ന ദുഷ്‌പേര് വരുമെന്നതാണ് സിപിഎമ്മിനെ കുഴക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com