യുഡിഎഫിന്റെ അവിശ്വാസത്തിന് ബിജെപിയുടെ പിന്തുണ ; ചെങ്ങമനാട് പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2018 04:56 PM  |  

Last Updated: 31st January 2018 04:58 PM  |   A+A-   |  

 

കൊച്ചി : ആലുവ ചെങ്ങമനാട് പഞ്ചായത്തിലെ ഭരണം സിപിഎമ്മിന് നഷ്ടമായി. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ സിപിഎമ്മിന് ആറ് വോട്ട് ലഭിച്ചപ്പോള്‍, പ്രതിപക്ഷം 11 വോട്ട് നേടി. 

18 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന് ആറ്, യുഡിഎഫിന് ആറ്,ബിജെപിക്ക് അഞ്ച്, എസ്ഡിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സിപിഎമ്മിലെ ആറ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍, യുഡിഎഫും ബിജെപിയും പ്രമേയത്തെ അനുകൂലിച്ചു. എസ്ഡിപിഐ അംഗത്തിന്റെ വോട്ട് അസാധുവായി. 

കെടുകാര്യസ്ഥത, തന്‍പ്രമാണിത്തം, സ്വജനപക്ഷപാതം, വികസന മുരടിപ്പ് തുടങ്ങിയവ ആരോപിച്ചാണ് പ്രസിഡന്റ് പി ആര്‍ രാജേഷിനെതിരെ കോണ്‍ഗ്രസിലെ ദിലീപ് കപ്രശേരിയുടെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ ആശ ഏലിയാസ് വഹിക്കും.