ഇനി കണക്കുകള്‍ കൃത്യമല്ലെങ്കില്‍ പിടിവീഴും; കെ.എസ്.ആര്‍.ടി.സി.യില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് തുടക്കമിട്ട് ടോമിന്‍ തച്ചങ്കരി 

പോലീസ് സ്‌പെഷ്യല്‍ബ്രാഞ്ച് മാതൃകയില്‍ കെ.എസ്.ആര്‍.ടി.സി.യില്‍ രഹസ്യാന്വേഷണ വിഭാഗം രൂപവത്കരിച്ചു.
ഇനി കണക്കുകള്‍ കൃത്യമല്ലെങ്കില്‍ പിടിവീഴും; കെ.എസ്.ആര്‍.ടി.സി.യില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് തുടക്കമിട്ട് ടോമിന്‍ തച്ചങ്കരി 

തിരുവനന്തപുരം: പോലീസ് സ്‌പെഷ്യല്‍ബ്രാഞ്ച് മാതൃകയില്‍ കെ.എസ്.ആര്‍.ടി.സി.യില്‍ രഹസ്യാന്വേഷണ വിഭാഗം രൂപവത്കരിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ രഹസ്യമായി മാനേജിങ് ഡയറക്ടര്‍ക്ക് കൈമാറുകയാണ് പ്രധാന ചുമതല.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രഥമയോഗം വെള്ളിയാഴ്ച കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് ചേര്‍ന്നു. എം.ഡി. ടോമിന്‍ തച്ചങ്കരി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

വിവിധ യൂണിറ്റുകളിലെ 94 ഇന്‍സ്‌പെക്ടര്‍മാരാണ് രഹസ്യാന്വേഷണ വിഭാഗമായ സാള്‍ട്ടറിന്റെ ഭാഗമാകുന്നത്. കെ.എസ്.ആര്‍.ടി.സി.യുടെ ആദ്യ രൂപമായ ട്രാവന്‍കൂര്‍ ബസ് സര്‍വീസ് തുടങ്ങിയ സാള്‍ട്ടര്‍ സായിപ്പിന്റെ സ്മരണയ്ക്കാണ് രഹസ്യാന്വേഷണ വിഭാഗത്തിന് പേരിട്ടത്. നിലവിലെ ചുമതലകള്‍ക്ക് പുറമേയാണ് രഹസ്യവിവരശേഖരണവും.

ഡിപ്പോകളില്‍നിന്നും മേല്‍തട്ടിലേക്ക് ലഭിക്കുന്ന വിവരങ്ങളില്‍ കൃത്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. വാട്‌സാപ്പിലൂടെയും റിപ്പോര്‍ട്ടുകള്‍ കൈമാറാം. ഇതിന്റെ അടിസ്ഥാനത്തില്‍ എം.ഡി. നേരിട്ടോ അല്ലെങ്കില്‍ വിജിലന്‍സ് വിഭാഗം വഴിയോ അന്വേഷണം നടത്തി നടപടിയെടുക്കും.

സ്ഥാപനത്തിന്റെ മധ്യനിര മാനേജ്‌മെന്റില്‍ വീഴ്ചകള്‍ ഏറെയുണ്ടെന്ന് വിവിധ സമിതികള്‍ കണ്ടെത്തിയിരുന്നു. ഷെഡ്യൂളുകള്‍, ഓടുന്ന ബസുകള്‍, ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ചീഫ് ഓഫീസില്‍ നല്‍കാറില്ല.

പലരും പരസ്പരം സഹായിച്ച് വീഴ്ചകള്‍ മറയ്ക്കും. ഇതുതടയാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. സാള്‍ട്ടറിലുള്ള ഇന്‍സ്‌പെക്ടര്‍മാരെ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com