ഒരു ബൈക്കിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ 18 പവനും 50000 രൂപയും; വീട്ടില്‍ നിന്ന് മോഷണം നടത്തിയ പ്ലസ് ടുക്കാരും ഇവരെ പറ്റിച്ച തട്ടിപ്പുകാരും പിടിയില്‍

ബൈക്കിന്റെ വിലയേക്കാള്‍ അധിക വിലയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇവര്‍ കൈയിലാക്കിയിരുന്നത്
ഒരു ബൈക്കിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ 18 പവനും 50000 രൂപയും; വീട്ടില്‍ നിന്ന് മോഷണം നടത്തിയ പ്ലസ് ടുക്കാരും ഇവരെ പറ്റിച്ച തട്ടിപ്പുകാരും പിടിയില്‍

വയനാട്; വാടകയ്‌ക്കെടുത്ത ആഡംബര ബൈക്ക് അപകടത്തില്‍പ്പെട്ടതിന് പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് 18 പവനും 50,000 രൂപയും തട്ടിയെടുത്ത കേസില്‍ വാഹന ഇടപാടുകാര്‍ പിടിയില്‍. കുട്ടികള്‍ ഇടപാടുകാരനില്‍ നിന്ന് വാടകയ്‌ക്കെടുത്ത വാഹനം അപകടത്തില്‍പ്പെട്ടത് മറയാക്കിയാണ് തട്ടിപ്പ് നടത്തിയത്. ബൈക്കിന്റെ വിലയേക്കാള്‍ അധിക വിലയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇവര്‍ കൈയിലാക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ വാഹന ഇടപാടുകാരും സഹായികളും മേപ്പാടി പൊലീസിന്റെ പിടിയിലാകുന്നത്. 

സംഭവത്തില്‍ കല്‍പ്പറ്റ ഗൂഡലായ് സ്വദേശി നിധിന്‍ സൈമണ്‍(21),  മേപ്പാട് സ്വദേശികളായ ഫസല്‍ (21), ശ്രീജ (35) എന്നിവരും രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം അവരെ അറസ്റ്റു ചെയ്തത്. 

മേപ്പാടിക്കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥി തന്റെ സുഹൃത്തിനൊപ്പം നിധിന്‍ സൈമണിന്റെ ആഡംബര ബൈക്ക് വാടകയ്‌ക്കെടുത്തു. എന്നാല്‍ അപകടത്തില്‍ ബൈക്കിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഇത് നന്നാക്കാനെന്ന പേരില്‍ സൈമണ്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി 50,000 രൂപ വാങ്ങി. അച്ഛന്റെ അമ്മയുടെ കൈയിലുള്ള എടിഎം കാര്‍ഡില്‍ നിന്നാണ് പണം പിന്‍വലിച്ചത്. എന്നാല്‍ ഈ പണം കൊണ്ടൊന്നും കേടുപാട് തീര്‍ക്കാനാവില്ലെന്നാണ് സൈമണ്‍ പറഞ്ഞത്. 

ഭീഷണി തുടര്‍ന്നതോടെ വീട്ടിലിരുന്നിരുന്ന 18 പവന്‍ സ്വര്‍ണം മോഷ്ടിച്ച് വിദ്യാര്‍ത്ഥികള്‍ ഇയാള്‍ക്ക് നല്‍കി. പഴയ സ്വര്‍ണമായതിനാല്‍ കുറച്ച് വില മാത്രമേ ഇതിന് ലഭിക്കൂ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പൈസയും സ്വര്‍ണവും നഷ്ടപ്പെട്ടതായി മനസിലാക്കിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ഏപ്രില്‍ 25 ന് മേപ്പാടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്തായത്. രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരേ മോഷണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com