ശസ്ത്രക്രിയ ചെയ്തതിന് കൈക്കൂലി വേണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍ ;  ഒടുവില്‍ പണം വാങ്ങുന്നതിനിടെ പിടിയില്‍

അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ജീവ് ജസ്റ്റസാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്
ശസ്ത്രക്രിയ ചെയ്തതിന് കൈക്കൂലി വേണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍ ;  ഒടുവില്‍ പണം വാങ്ങുന്നതിനിടെ പിടിയില്‍

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ പിടിയിലായി. അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ജീവ് ജസ്റ്റസാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. അടൂര്‍ സ്വദേശി രാജ് കുമാറിന് കാല്‍മുട്ടിലെ അടിയന്തിര ശസ്ത്രക്രിയ നടത്തിയതിന് 4000 രൂപ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ തുക ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അടൂര്‍ ജനതാ ആശുപത്രിക്ക് സമീപമുള്ള കണ്‍സള്‍ട്ടേഷന്‍ റൂമില്‍ വച്ച് കൈമാറുന്നതിനിടെയാണ് പത്തനംതിട്ട വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്.

ജൂണ്‍ മാസം 26 നാണ് വാഹന അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രാജ് കുമാറിനെ അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡോക്ടര്‍ ജീവ് ജസ്റ്റസിന്റെ നേതൃത്വത്തില്‍ കാല്‍മുട്ടില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതിന് 4000 രൂപ രാജ്കുമാറിന്റെ അമ്മ ശോഭന കുമാരിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടു. അന്നേ ദിവസം ഡോക്ടറുടെ അടുത്ത് 2000 രൂപയുമായി ശോഭന കുമാരി എത്തിയെങ്കിലും, തുക കുറവായതിനാല്‍ വാങ്ങാന്‍ കൂട്ടാക്കാതെ 4000 രൂപയുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡോക്ടര്‍ പറഞ്ഞ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ ചികില്‍സ നിഷേധിച്ചതായും,  ഡിസ്ചാര്‍ജ് ചെയ്യാന്‍ വിസമ്മതിച്ചതായും ശോഭനകുമാരി പറഞ്ഞു. കൂടാതെ വാര്‍ഡിലെത്തുമ്പോള്‍ പണത്തിന്റെ കാര്യം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇവര്‍ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവെ.എസ്.പി പി ഡി ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com