'നാന്‍ പെറ്റ മകനേ... എന്‍ കിളിയേ...'; നെഞ്ചുപൊള്ളിച്ച് അഭിമന്യുവിന്റെ അമ്മ; കൂടെ തേങ്ങി കേരളം

ഒരു കുടുംബത്തിന്റെ നെഞ്ചിലേക്ക് വാള്‍തല കയറ്റി ഇറക്കാന്‍ ഒരു നിമിഷം മതിയായിരുന്നൂ. ഇനി അവനില്ല, അമ്മയുടെ രാസാ മടങ്ങുകയാണ് നിറയെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി
'നാന്‍ പെറ്റ മകനേ... എന്‍ കിളിയേ...'; നെഞ്ചുപൊള്ളിച്ച് അഭിമന്യുവിന്റെ അമ്മ; കൂടെ തേങ്ങി കേരളം

നാന്‍ പെറ്റ മകനേ... എന്‍ കിളിയേ... മകന്റെ മുഖം ചേര്‍ത്തുപിടിച്ച് ആ അമ്മ കരയുകയാണ്. തമിഴും മലയാളവും കലര്‍ത്തിയുള്ള നെഞ്ചുപോള്ളിക്കുന്ന കരച്ചില്‍. മകനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും അവന്റെ ഇഷ്ടങ്ങളുമെല്ലാം അമ്മയുടെ കണ്ണുനീരിനൊപ്പം പുറത്തേക്കൊഴുകുകയാണ്. തൊട്ടടുത്ത് ഉറക്കെ കരയാനാന്‍ പോലും കഴിയാതെ അവന്റെ അച്ഛനും. മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണുകള്‍ തുടക്കുകയും ഇടയ്ക്ക് നില മറന്ന് കരയുകയും ചെയ്യുന്നു. അവന്റെ ചിരിയും മുദ്രാവാക്യവും മുഴങ്ങിക്കേട്ടിരുന്ന മഹാരാജാസില്‍ അവന്‍ അനക്കമറ്റു കിടക്കുകയാണ്. ഇത്രനാള്‍ ചങ്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന തന്റെ പ്രസ്ഥാനത്തിന്റെ കൊടി, കത്തി ആഴ്ന്നിറങ്ങിയ നെഞ്ചിനെ മൂടിക്കൊണ്ട് അവനെ പൊതിഞ്ഞിരിക്കുന്നു.

ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിട്ടാണ് ഇടുക്കിയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് അഭിമന്യൂ പഠിക്കാനായി എറണാകുളത്തേക്ക് എത്തുന്നത്. മകനെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കുക എന്ന ഒറ്റ സ്വപ്‌നം മാത്രമായിരുന്നു തോട്ടം തൊഴിലാളികളായ അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്നത്. നഗരത്തിലെ കോളേജില്‍ മകന്‍ സുരക്ഷിതനായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പക്ഷേ ഒരു കുടുംബത്തിന്റെ നെഞ്ചിലേക്ക് വാള്‍തല കയറ്റി ഇറക്കാന്‍ ഒരു നിമിഷം മതിയായിരുന്നൂ. ഇനി അവനില്ല, അമ്മയുടെ രാസാ മടങ്ങുകയാണ് നിറയെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി.

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യൂവിനെ ഇന്നലെ രാത്രിയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യുവിനെക്കുറിച്ച് കൂട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. കാംപസില്‍ എല്ലാവര്‍ക്കും പ്രിയങ്കരന്‍, എല്ലാവരുടെയും ചങ്ങാതി, ഓടി നടന്നു കാര്യങ്ങള്‍ ചെയ്യുന്നയാള്‍. മഹാരാജാസ് കോളജിലെ കൂട്ടുകാര്‍ അഭിമന്യുവിനെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. മോശമായൊന്നും അവനെക്കുറിച്ച് ആര്‍ക്കും. പറയാനില്ല

എസ്എഫ്‌ഐയുടെ കടുത്ത പ്രവര്‍ത്തകനായിരുന്നു അഭിമന്യൂ. കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുക്കാനായി അഭിമന്യു വട്ടവടയിലേക്കു പോയിരുന്നു. ഇന്നലെ രാത്രിയോടെ ഒരു പച്ചക്കറി ലോറിയില്‍ കയറിയാണ് അവന്‍ കോളേജിലേക്ക് തിരികെയെത്തിയത്. നവാഗതരേ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് അഭിമന്യൂ നെഞ്ചില്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്.

നവാഗതര്‍ക്ക് സ്വാഗതം അരുളിക്കൊണ്ട് കോളേജിന്റെ മതിലില്‍ കോളജ് മതിലില്‍ ക്യാംപസ് ഫ്രണ്ടും എസ്എഫ്‌ഐയും മത്സരിച്ച് എഴുതി. എസ്എഫ്‌ഐ ബുക്ക്ഡ് എന്നെഴുതിവച്ച സ്ഥലത്ത് ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് വന്നു. അതോടെ അതിന്റെ മുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാംപസ് ഫ്രണ്ട് എന്നെഴുതിയത് മായ്ക്കാതെ, മുകളില്‍ വര്‍ഗീയത എന്നുകൂടി എഴുതിചേര്‍ത്തു. ഈ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്. കോളേജില്‍ അംഗബലം കുറവായതിനാല്‍ ക്യാമ്പസ് ഫ്രണ്ട് പുറത്തുനിന്ന് എസ്ഡിപിഐയുടെ സഹായത്തോടെയാണ് കൊല നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com