വിമാനം ഇറങ്ങിയാൽ ഇനി ടാക്സി തിരയേണ്ട ;  'ഫ്ലൈ സർവീസു'കളുമായി കെഎസ്ആർടിസി

ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും  ന​ഗരങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. 'ഫ്‌ളൈ ബസ്' എന്ന പേരിലുള്ള സർവീസ് ഇന്നു മുതൽ ആരംഭിക്കും. ഫ്‌ളൈ ബസുകളുടെ സംസ്ഥാനതല ഫ്‌ളാഗ്ഓഫ് വൈകിട്ട്  4.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കും. 

ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലായി 24 മണിക്കൂറും ഫ്‌ളൈ ബസുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ ഇടവേളകളിലും, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ളൈ ബസുകള്‍ പുറപ്പെടുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ബസുകള്‍ പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ്സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കും. 

യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ഭാവിയില്‍ ഫ്‌ളൈ ബസുകള്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഓടിക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്. കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍, ഹൃദ്യമായ പരിചരണം , ലഗേജുകള്‍ ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണം തുടങ്ങിയവയാണ്  ഫ്‌ളൈ ബസിന്റെ പ്രത്യേകതകള്‍. 

ഭാവിയിൽ വിവിധ എയര്‍ലൈനുകളുമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും ലഗേജ് അടക്കം ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതും പരിഗണിച്ചുവരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുള്ള അധിക സര്‍ചാര്‍ജ് ഈടാക്കാതെ സാധാരണ എ.സി. ലോ ഫ്‌ളോര്‍ ബസുകളുടെ ചാര്‍ജുകള്‍ മാത്രമേ ഈടാക്കൂ എന്നതും സര്‍വീസിന്റെ പ്രത്യേകതയാണ്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയായിരുന്നു. കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. വി. രാജേന്ദ്രനാണ് ഫ്‌ളൈ ബസുകളുടെ മാത്രം മേല്‍നോട്ട ചുമതല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com