അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘം : ഡിജിപി

കൊലയാളി സംഘത്തിന് പുറമെ നിന്ന് സഹായം ലഭിച്ചു. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല
അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘം : ഡിജിപി

കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊലയാളി സംഘത്തിന് പുറമെ നിന്ന് സഹായം ലഭിച്ചു. 

അതേസമയം തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. കലാലയങ്ങളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി എടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 

അതിനിടെ അഭിമന്യുവിന്‍രെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പൊലീസ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുകയാണ്. ഇടുക്കിയില്‍ നിന്ന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഒളിപ്പിക്കാന്‍ സഹായിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇവര്‍. 

ആലപ്പുഴയില്‍ നടത്തിയ വ്യാപക റെയ്ഡില്‍ 80 ഓളം പോപ്പുലര്‍ ഫ്രണ്ടുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊട്ടടുത്ത ജില്ലയായ ഇവിടേക്ക് പ്രതികളെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഇവിടെ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തുന്നത്. 

കേസിലെ മുഖ്യപ്രതിയായ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി മുഹമ്മദ് അടക്കമുള്ള പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കേസിലാകെ 15 പ്രതികളാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കോളജിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു കുത്തേറ്റു മരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com