ആ ന്യായവാദങ്ങള്‍ നീചമാണ്, കോണ്‍ഗ്രസുകാരും അതുയര്‍ത്തുന്നതില്‍ വിഷമമുണ്ട്: എന്‍ ശശിധരന്‍

ആ ന്യായവാദങ്ങള്‍ നീചമാണ്, കോണ്‍ഗ്രസുകാരും അതുയര്‍ത്തുന്നതില്‍ വിഷമമുണ്ട്: എന്‍ ശശിധരന്‍
ആ ന്യായവാദങ്ങള്‍ നീചമാണ്, കോണ്‍ഗ്രസുകാരും അതുയര്‍ത്തുന്നതില്‍ വിഷമമുണ്ട്: എന്‍ ശശിധരന്‍

കണ്ണൂര്‍: അക്രമരാഷ്ട്രീയത്തിന്റെ വഴിയില്‍ ഒരിക്കലും കാലെടുത്തു വെച്ചിട്ടില്ലാത്ത ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയുടെ നെഞ്ച് കുത്തിപ്പിളര്‍ന്നവരെ പിന്താങ്ങാന്‍ ഏതുതരത്തിലുള്ള ന്യായവാദങ്ങളുന്നയിച്ചാലും അത് നീചമാണെന്ന് എഴുത്തുകാരന്‍ എന്‍ ശശിധരന്‍. ഹിന്ദു തീവ്രവാദത്തെപ്പോലെ തന്നെ വെറുക്കപ്പെടേണ്ടതാണ് മുസ്ലീംമത തീവ്രവാദവും.ന്യൂനപക്ഷ വിഭാഗത്തിന്റെതാണെന്നതു കൊണ്ട് തീവ്രവാദത്തിന് യാതൊരാനുകൂല്യത്തിനും അര്‍ഹതയില്ലെന്ന്, അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തോടു പ്രതികരിച്ചുകൊണ്ട് എന്‍ ശശിധരന്‍ പറഞ്ഞു.

എന്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

അഭിമന്യുവിന്റെ കൊലപാതകത്തെ മുന്‍നിര്‍ത്തി കേരളത്തിലെ കോളേജ് കാമ്പസ്സുകളില്‍ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളുമുണ്ടെന്നും അവിടെ ജനാധിപത്യമില്ലെന്നും അതില്‍ നിന്നാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാവുന്നതെന്നുമൊക്കെ ചിലര്‍ പറയുന്നത് കേട്ടു. അക്കൂട്ടത്തില്‍ ഏതാനും കോണ്‍ഗ്രസ് നേതാക്കളെയും കണ്ടു..അതില്‍ പ്രത്യേകമായ വിഷമവും തോന്നി.(എന്തു തന്നെയായലും മതതീവ്രവാദത്തോടൊപ്പം നില്‍ക്കാന്‍ അവരുടെ രാഷ്ട്രീയം അവരോടാവശ്യപ്പെടുന്നില്ലല്ലോ.)
അക്രമരാഷ്ട്രീയത്തിന്റെ വഴിയില്‍ ഒരിക്കലും കാലെടുത്തു വെച്ചിട്ടില്ലാത്ത ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയുടെ നെഞ്ച് കുത്തിപ്പിളര്‍ന്നവരെ പിന്താങ്ങാന്‍ ഏതുതരത്തിലുള്ള ന്യായവാദങ്ങളുന്നയിച്ചാലും അത് നീചമാണ്. (ഇത്തരക്കാര്‍ക്കെല്ലാം എം.എന്‍ .കാരശ്ശേരി തികച്ചും നിര്‍ഭയനായി കൃത്യമായ മറുപടി നല്‍കിക്കഴിഞ്ഞു.)ഹിന്ദു തീവ്രവാദത്തെപ്പോലെ തന്നെ വെറുക്കപ്പെടേണ്ടതാണ് മുസ്ലീംമത തീവ്രവാദവും.ന്യൂനപക്ഷ വിഭാഗത്തിന്റെതാണെന്നതു കൊണ്ട് തീവ്രവാദത്തിന് യാതൊരാനുകൂല്യത്തിനും അര്‍ഹതയില്ല..എല്ലാ വര്‍ഗീയ പ്രസ്ഥാനങ്ങളും ജനവിരുദ്ധമാണ്.ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം പോരടിപ്പിക്കുകയാണ് അവയുടെ ലക്ഷ്യം.മതവിശ്വാസം ആവശ്യമായിത്തോന്നുന്ന എല്ലാവര്‍ക്കും അത് നിലനിര്‍ത്താനും അവരവരുടെതായ രീതിയില്‍ പ്രാര്‍ത്ഥിക്കാനും ഉള്ള സ്വാതന്ത്യം അനുഭവിക്കാന്‍ കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ നിലനില്‍ക്കണമെന്നു തന്നെയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്.തെരഞ്ഞെടുപ്പ് ഫലത്തിലെ കണക്കുകള്‍ ഹിന്ദുത്വമാണ് ഇന്ത്യന്‍ ദേശീയതയുടെ ആത്മാവ് എന്നു വാദിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് കേന്ദവും പല സംസ്ഥാനങ്ങളും ഭരിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. ഈ പാര്‍ട്ടി എത്രമേല്‍ മനുഷ്യത്വവിരുദ്ധമായി ജനജീവിതത്തില്‍ ഇടപെടുമെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടു കഴിഞ്ഞ നിലയ്ക് ജനങ്ങള്‍ ഇനിയൊരവസരം അവര്‍ക്ക് നല്‍കുമെന്ന് ഭയപ്പെടേണ്ടതില്ല.എന്തായാലും ഹിന്ദുതീവ്രവാദത്തെ പാരജയപ്പെടുത്തുന്നത് ജനാധിപത്യ ബോധമുള്ള വോട്ടര്‍മാരായിരിക്കും.മുസ്ലീം തീവ്രവാദികളായിരിക്കില്ല.ആ ഒരാവശ്യം പറഞ്ഞ് അവര്‍ സ്വന്തം പാളയത്തില്‍ ആളെ കൂട്ടുകയും ആയുധധാരികളായി ചെന്ന് കൊലപാതകം നടത്തുകയും വേണ്ട.അതിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണമല്ലെന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഇവിടത്തെ മഹാഭൂരിപക്ഷത്തിനും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com