ദമ്പതികളുടെ ആത്മഹത്യ : സുനിലിന്റെ ശരീരത്തില്‍ പരിക്കുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തില്‍ പരിക്കുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ട്
ദമ്പതികളുടെ ആത്മഹത്യ : സുനിലിന്റെ ശരീരത്തില്‍ പരിക്കുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കോട്ടയം : ചങ്ങനാശ്ശേരിയില്‍ പൊലീസ് പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തില്‍ പരിക്കുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്ത സുനിലിന്റെ ഇന്‍ക്വസ്റ്റ് നടപടികളാണ് പൂര്‍ത്തിയാത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ മുറിവുകളോ, ചതവുകളോ മറ്റു ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. എങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് സൂചിപ്പിച്ചു. 

സ്വര്‍ണം നഷ്ടപ്പെട്ടെന്ന സിപിഎം കൗണ്‍സിലര്‍ സജികുമാറിന്‍രെ പരാതിയിലാണ് പൊലീസ് സുനിലിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. സുനിലിനൊപ്പം ഭാര്യ രേഷ്മയും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍, നഗരസഭ കൗണ്‍സിലര്‍ ഇ.എ.സജികുമാറിന്റെ വീട്ടില്‍ പന്ത്രണ്ടുവര്‍ഷമായി സ്വര്‍ണപ്പണി ചെയ്യുകയായിരുന്നു.

സുനിലിനോടൊപ്പം രാജേഷും ചേര്‍ന്നാണ് സ്വര്‍ണപ്പണി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കണക്ക് നോക്കിയപ്പോള്‍ നല്‍കിയ സ്വര്‍ണത്തില്‍ 400 ഗ്രാമിന്റെ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും ഇതേ തുടര്‍ന്ന് സജികുമാര്‍ സുനില്‍കുമാറിനെതിരേ പരാതി നല്‍കിയിരുന്നെന്നുമാണ് ചങ്ങനാശ്ശേരി പോലീസ് വ്യക്തമാക്കിയത്.

പൊലീസ് മര്‍ദ്ദനത്തിലെ മനോവിഷമം മൂലമാണ് മരിക്കുന്നതെന്നും മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭാ കൗണ്‍സിലറായ സജികുമാറാണെന്നും എഴുതിയ കുറിപ്പ് ആത്മഹത്യ ചെയ്ത സുനില്‍- രേഷ്മ ദമ്പതികളുടെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തിരുന്നു.

600 ഗ്രാം സ്വര്‍ണം കാണാനില്ലെന്നായിരുന്നു സജികുമാറിന്റെ പരാതി.100 ഗ്രാം സ്വര്‍ണം എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് വീട് പണിയുന്നതിനായി സജികുമാര്‍ തന്നെ വിറ്റതാണ്. പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും എട്ട്‌ലക്ഷം രൂപ നല്‍കണമെന്ന് എഴുതി വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു. അത്രയും പണം നല്‍കാനില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും രേഷ്മ എഴുതിയിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com