ക്ഷേത്രത്തില്‍ എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനം പരിഗണിക്കണമെന്ന് സുപ്രീം കോടതി
By സമകാലികമലയാളം ഡെസ്‌ക് | Published: 06th July 2018 04:39 AM |
Last Updated: 06th July 2018 04:39 AM | A+A A- |

ന്യൂഡല്‍ഹി: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനും കാണിക്ക അര്‍പ്പിക്കാനും എല്ലാ മതവിശ്വാസികള്‍ക്കും നല്‍കുന്ന കാര്യം പരിശോധിക്കണമെന്ന് സുപ്രീംകോടതി. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടപ്പാക്കുന്ന മുറയ്ക്ക് രാജ്യത്തെ മറ്റു പ്രമുഖ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാന്‍ കോടതി ആവശ്യപ്പെട്ടേക്കും.
മതമെന്ന നിലയില്‍ ഹിന്ദുമതം എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നു. ഏതെങ്കിലും വിശ്വാസികളെ അകറ്റിനിര്‍ത്തുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ഥാപകനോ, ഏക വേദപുസ്തകമോ ഒറ്റ വിശ്വാസപ്രമാണമോ ഉള്ള മതമല്ല ഹിന്ദുമതം. നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട സംസ്‌കാരമാണിതെന്നും ജസ്റ്റിസ് എ.കെ. ഗോയല്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. വസ്ത്രധാരണച്ചട്ടങ്ങള്‍ ഉള്‍പ്പെടെ ക്ഷേത്രത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മറ്റ് മതവിശ്വാസികളേയും ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മൃണാളിനി പഥിയാണ് കോടതിയെ സമീപിച്ചത്.
ക്ഷേത്രം സന്ദര്‍ശിക്കാനായി വിദേശീയരും മറ്റ് മതവിശ്വാസികളും ധാരാളം എത്താറുണ്ടെന്നും എന്നാല്‍ അവര്‍ക്ക് പ്രധാന ശ്രീകോവിലില്‍ പ്രവേശനം അനുവദിച്ചിട്ടില്ലെന്നും പുരി ജില്ലാ ജഡ്ജി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ ഒട്ടേറെ പ്രമുഖ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഇതര മതവിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ടെന്ന് കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്‍ (അമിക്കസ് ക്യൂറി) ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടിയിരുന്നു.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ കേന്ദ്രസാംസ്‌കാരിക മന്ത്രാലയം ഈ വിഷയം പരിശോധിക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.