വൈദികന് കുമ്പസാര രഹസ്യം വെളിപ്പെടുത്തി: രഹസ്യം പുറത്തായതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th July 2018 12:45 PM |
Last Updated: 06th July 2018 12:45 PM | A+A A- |

കോട്ടയം: വൈദികന്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം അന്വേഷണത്തിലേക്ക്. നാലു വൈദികര്‍ വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തായതിനെ തുടര്‍ന്നാണ് സഭാനേതൃത്വം പൂഴ്ത്തിവച്ച ഈ കേസ് മൂന്നു വര്‍ഷത്തിനുശേഷം പുറത്തുവരുന്നത്.
ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ സ്വദേശിയായ യുവതി കുമ്പസാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വികാരി മറ്റൊരു സ്ത്രീയോട് പറയുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കമ്മിറ്റിയില്‍ ഈ സ്ത്രീ പരസ്യമായി ആ യുവതിയെ ആക്ഷേപിച്ചു. മാനസികമായി തളര്‍ന്ന യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. കുമ്പസാരിപ്പിച്ച വൈദികന്റെയും സ്ത്രീയുടെയും പേര് സഹിതമുള്ള ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.
''എന്റെ മരണത്തിനു കാരണം വൈദികനും ഈ സ്ത്രീയുമാണ്. അവരെ അറസ്റ്റ് ചെയ്യണം. എന്നെ അപമാനിച്ചു, എനിക്ക് മനോവിഷമം ഉണ്ടായി. ദയവുചെയ്ത് ഇവരെ വെറുതെ വിടരുത്. പള്ളിയില്‍ ഈ അച്ചന്‍ വന്നാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. അച്ചന്‍ ഞങ്ങളെ അപമാനിച്ചു. അതുകൊണ്ട് അച്ചനെയും അറസ്റ്റ് ചെയ്യണം'' ഇതായിരുന്നു ആത്മഹത്യാക്കുറിപ്പ്.
2015 ഒക്ടോബര്‍ 21നാണ് സംഭവം ഉണ്ടായത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടവകാംഗം സഭാനേതൃത്വത്തിന് പരാതി നല്കിയിരുന്നു. എന്നാല്‍ സഭാ നേതൃത്വം ഈ സംഭവം നിസാര വത്ക്കരിക്കുകയായിരുന്നു. തുടര്‍ന്ന് കോയിപ്രം പൊലീസില്‍ പരാതി നല്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഈ മരണക്കുറിപ്പ് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. കോയിപ്രം പൊലീസ് ഇതേസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും സഭാനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു. സഭാനേതൃത്വത്തിന് പരാതി നല്കിയ വ്യക്തിയെ പത്തു വര്‍ഷത്തേക്ക് ഇടവകചുമതലകളില്‍ നിന്നും വിലക്കി.
മരണപ്പെട്ട യുവതിയുടെ ഭര്‍ത്താവും പരാതിക്കാരനും ഉള്‍പ്പെടുന്ന ഇടവകാംഗങ്ങള്‍ ആത്മഹത്യാക്കുറുപ്പിന്റെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈദികന് പങ്കുള്ളതായി അറിഞ്ഞിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നുള്ള ആക്ഷേപം പരിശോധിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ.എം.ഒ.ജോണ്‍ വ്യക്തമാക്കി.