അഭിമന്യു വളര്‍ന്നു വന്നുകൂടെന്ന് ആരൊക്കെയോ ആഗ്രഹിച്ചു: വിദ്യാര്‍ത്ഥി സംഘട്ടനമെന്ന് നിസ്സാരവത്കരിക്കരുതെന്ന് എസ്.രമേശന്‍

മഹാരാജാസ് കോളജ് എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരനും മഹാരാജാസ് കോളജിലെ മുന്‍ ചെയര്‍മാനുമായ എസ്.രമേശന്‍. 
അഭിമന്യു വളര്‍ന്നു വന്നുകൂടെന്ന് ആരൊക്കെയോ ആഗ്രഹിച്ചു: വിദ്യാര്‍ത്ഥി സംഘട്ടനമെന്ന് നിസ്സാരവത്കരിക്കരുതെന്ന് എസ്.രമേശന്‍

ഹാരാജാസ് കോളജ് എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരനും മഹാരാജാസ് കോളജിലെ മുന്‍ ചെയര്‍മാനുമായ എസ്. രമേശന്‍. ഇതു വെറുമൊരു കൊലപാതകമല്ല,കേരളത്തില്‍ പുരോഗമന ജനാധിപത്യ ശക്തികള്‍ വളര്‍ന്നുകൂട എന്ന് ആരോ എടുത്ത തീരുമാനം ഒരു പാതിരാത്രിയില്‍ നടപ്പാക്കുകയായിരുന്നു.ഒരു കാമ്പസ് സംഘട്ടനമെന്ന നിലയില്‍ ഇതിനെ ലളിതവല്‍ക്കരിക്കപ്പെട്ടുകൂടായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  എസ്എഫ്‌ഐ നേതാവായിരുന്ന കെ.വി സുധീഷിന്റെയും മഹാരാജാസില്‍ കെഎസ്‌യുക്കാര്‍ കൊലപ്പെടുത്തിയ മുത്തുക്കോയയുടേയും കൊലപാതകങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടാണ് രമേശന്‍ ക്യാമ്പസ് ഫ്രണ്ടിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.  

എറണാകുളം മഹാരാജാസ് കോളജില്‍ അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ അരും കൊല സമാനതകളില്ലാത്ത ഭീകരവാദത്തിനു മാത്രം സ്വന്തമായ ഒന്നാണ്. അതിനെ വിദ്യാര്‍ഥി സംഘട്ടനമെന്നും പക തീര്‍ക്കലെന്നും മറ്റും പേര്‍വിളിച്ച് ലളിതവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് സത്യ വിരുദ്ധവും അധാര്‍മ്മികവുമാണ്. ഈ കൊലപാതകത്തിനും കണ്ണൂരിലെ വിദ്യാര്‍ഥി നേതാവ് സുധീഷിന്റെ കൊലപാതകത്തിനും തമ്മില്‍ സമാനതകളേറെ. ഉദിച്ചുയര്‍ന്നു വരുന്ന യൗവ്വനത്തെ കൊലവാള്‍കൊണ്ടു കൊന്നുതള്ളുന്ന ഫാസിസ്റ്റു ഭീകരതയുടെ മറ്റൊരു മുഖമാണ് മഹാരാജാസില്‍ കണ്ടത്. നിശ്ശബ്ദരായ തെരുവു നായ്ക്കളുടെ ശിരസ്സു വെട്ടി പരിശീലിക്കുന്ന പ്രത്യയശാസ്ത്ര ഭീകരതയാണിത്. ഇതിനെ തുറന്നെതിര്‍ക്കാതിരിക്കുന്നത് അനീതിയാണ്-അദ്ദേഹം പറയുന്നു. 

1990ല്‍ എറണാകുളത്തു നിന്നും അന്നത്തെ സര്‍ക്കാര്‍ എന്നെ സ്ഥലം മാറ്റി കണ്ണൂരിലെത്തിച്ചു.കണ്ണൂരില്‍ ജോലി ചെയ്യുമ്പോഴാണ് സുധീഷിനെ പരിചയപ്പെടുന്നത്.സുധീഷിന്റെ മുഖം ഞാനിന്നും ഓര്‍മ്മിക്കുന്നു: സൂര്യനുദിച്ചുയരുമ്പോലെ ആ ചെറുപ്പക്കാരന്റെ മുഖം. എന്തൊരു തേജസ്സായിരുന്നു ആ മുഖത്ത്! സുധീഷ് എന്റെ ഓഫീസ്സില്‍ മിക്കവാറും എല്ലാ ദിവസവും വരുമായിരുന്നു.അയാള്‍ എന്നെ ഹൃദയപൂര്‍വ്വം ആസ്വസിപ്പിക്കുമായിരുന്നു. സുധീഷ് ജില്ലാ പാഞ്ചായത് അംഗം കൂടി ആയിരുന്നു. യശ:ശ്ശരീരനായ മുന്‍ എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി ബാലേട്ടനായിരുന്നു ജില്ലാ കൗണ്‍സില്‍(പഞ്ചായത് )പ്രസിഡന്റ്. മഹാരാജാസ് കോളജില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എസ്എഫ്‌ഐ നേതാവെന്ന നിലയില്‍ സുധീഷ് എന്നെ പ്രത്യേകം പരിഗണിച്ചിരുന്നു.'രമേശേട്ടാ ' എന്നായിരുന്നു അയാള്‍ എന്നെ വിളിച്ചിരുന്നത്. ഇന്ന് പാര്‍ട്ടി നേതാവായിരിക്കുന്ന പ്രകാശന്‍ മാഷും അന്ന് നിത്യ സന്ദര്‍ശ്ശകനായിരുന്നു. ചെറു പ്രായത്തില്‍ ത്തന്നെ മഹാ ഭൂരിപക്ഷത്തോടെ എടക്കാടു നിന്നു ജയിച്ച് എംഎല്‍എ ആയ എം വി ജയരാജനും (ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി) ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ എന്നെ കണ്ടിരുന്നുവെന്ന് രമേശന്‍ ഓര്‍ത്തെടുക്കുന്നു. 

ഞാന്‍ പറഞ്ഞുവന്നത് രക്തസാക്ഷിയായ സുധീഷിനെക്കുറിച്ചായിരുന്നു. ഇന്നത്തെ കുടുംബശ്രീയും ജനകീയാസൂത്രണവും മറ്റും വരുന്നതിനു മുന്‍പ് വളപട്ടണം നദിക്ക് ഇക്കരെ ഒരു സഹകരണ സംഘത്തെ ക്കൊണ്ട് സ്ത്രീകളുടെ ഒരു ഹോട്ടല്‍ കണ്ണൂരില്‍ ആരംഭിച്ചതിനു പിന്നില്‍ . സുധീഷായിരുന്നു. സ്‌നേഹത്തോടെയല്ലാതെ പെരുമാറാന്‍ അയാള്‍ക്കറിഞ്ഞുകൂടായിരുന്നു.വീണ്ടും പറയട്ടെ സൂര്യനുദിക്കും പോലെ ചിരിച്ചു കൊണ്ടല്ലാതെ ആ യുവ കമ്മ്യൂണിസ്റ്റിനെ ഞാന്‍ കണ്ടിട്ടില്ല.സുധീഷിനെപ്പോലുള്ളവരെ കേരളത്തിനാവശ്യമാണെന്നും മസ്സിലു പിടിച്ചും മറ്റുള്ളവരുടെ അഭിപ്രായത്തെ പുച്ഛിച്ചു തള്ളിയും അഭിരമിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായ ഒരു അവതാരം എന്ന രീതിയില്‍ ആ സഖാവിനെ കാണാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ കണ്ണൂരില്‍ നിന്നു കൊച്ചിയിലേക്കു മടങ്ങിയ ഒരു രാത്രിയില്‍ ഹൃദയം പിളര്‍ക്കുന്ന ആ വാര്‍ത്ത് കേട്ടു. മാതാപിതാക്കളുടെമുന്‍പില്‍ വച്ചുതന്നെ രാത്രി നേരത്ത് ആ ജീവിതത്തെ,ഞാനുള്‍പ്പടെയുള്ളവരുടെ, എന്തിന്, ഭാവി കേരളത്തിന്റെ മഹാപ്രതീക്ഷയെ,വര്‍ഗ്ഗീയ ശക്തികള്‍ കൊത്തിക്കീറി. നിസ്വര്‍ക്കൊപ്പം നില്‍ക്കാന്‍ ശിരസ്സുയര്‍ത്തുന്നവരെ കൊന്നു തള്ളുന്നവരുടെ ഗൂഡാലോചനയാണ് അന്നു കേരളം കണ്ടത്.സുധീഷ് വിദ്യാര്‍ഥി സംഘട്ടനത്തിലല്ല കൊലചെയ്യപ്പെട്ടത്.അയാള്‍ ഒരു തര്‍ക്കവും ബാക്കി വച്ചിരുന്നില്ല. പക്ഷെ സുധീഷിനെ ആ ദുഷ്ടശക്തികള്‍ ജീവിക്കാനനുവദിച്ചില്ല. ജീവിച്ചിരുന്നെങ്കില്‍ അയാള്‍ ഒരു കൊടുങ്കാറ്റാകുമായിരുന്നു. അതിനെ തല്ലി ഉടക്കുക ഫാസിസ്റ്റുകളുടെ ലക്ഷ്യമാണ്. അവരതു നിറവേറ്റി.

അഭിമന്യുവും വളര്‍ന്നു വന്നുകൂടെന്ന് ആരൊക്കയോ ആഗ്രഹിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തെ 1973 ലെ മുത്തുക്കോയ കൊലപാതകവുമായി ചേര്‍ത്തു വായിക്കുന്നത് മറ്റൊരു തെറ്റായ വായനയാണെന്നും രമേശന്‍ പറയുന്നു.

മുത്തുക്കോയ എന്ന ലക്ഷദ്വീപുകാരന്‍ മഹാരാജാസിലെ വിദ്യാര്‍ഥി ആയിരുന്നില്ല. മഹാരാജാസിലെ ന്യൂ ഹോസ്റ്റലില്‍ താമസിക്കുന്ന ലക്ഷദ്വീപു നിവാസിയായ അയാളുടെ ഒരു ബന്ധുവിനെ സന്ദര്‍ശ്ശിക്കുവാന്‍ ഒരു ശപിക്കപ്പെട്ട ദിവസം അതിരാവിലെ വന്നു മടങ്ങുകയായിരുന്നു .ഹോസ്റ്റലില്‍ നിന്നും തലേന്നു രാത്രി തന്നെ രഹസ്യമായി കെഎസ്‌യുക്കാരായ എല്ലാവരേയും കോണ്‍ഗ്രസ്സുകാര്‍ മാറ്റിയിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലായിരുന്നു അത്. തോമസ് ഐസക്കും ഞാനും തിരുവനന്തപുരത്തുനിന്നും കേരളാ യുണിവേര്‍സിറ്റി യൂണിയന്‍ കൗണ്‍സില്‍. യോഗം കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു. കുറെ ദിവസങ്ങളായി എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്കു നേരെ കൊച്ചിയില്‍ നിന്നുള്ള കോണ്‍ഗ്രസ് റൗഡികള്‍ ആക്രമണം നടത്തിപ്പോരുകയായിരുന്നു. കോളജു ഗ്രൗണ്ടില്‍ കാറോടിച്ചു വന്ന് ഹോസ്റ്റലിലേക്ക് രാത്രികളില്‍ ബോംബെറിയും. അവരുടെ നേതാവായ ഒരു കെ.ജെ.പോളിന്റെ നേതൃത്തത്തില്‍. യൂണിവേഴ്‌സിറ്റി നാടകോത്സവം നടക്കുന്ന എറണാകുളം ടൗണ്‍ ഹാളില്‍ വച്ചു നടന്ന അടിപിടിയോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്.

കേരളാ യുണിവേഴ്‌സിറ്റി നാടകോത്സവത്തില്‍ മഹാരാജാസ് കോളജിന് ഒരിക്കലും സമ്മാനം കിട്ടാറില്ലായിരുന്നു.എന്നും സമ്മാനം കിട്ടുന്നത് കൊച്ചിന്‍ കോളജിന്.അന്ന് അതൊരു ജ്യൂനിയര്‍ കോളജായിരുന്നു.കൊച്ചിയിലെ പേരുകേട്ട റൗഡികള്‍ അവിടെ വിദ്യാര്‍ഥികളായിട്ടുണ്ടായിരുന്ന കാലം. അവരില്‍ പലരും ഏറെ പ്രായമുള്ളവരുമായിരുന്നു.അവരെ പലരേയും കൊച്ചിയിലെ മാഫിയാസംഘങ്ങള്‍ കോളജില്‍ ചോറുകൊടുത്തു വളര്‍ത്തുകയായിരുന്നു. വര്‍ത്തക പ്രമാണിമാര്‍ക്ക് ഭൂരിപക്ഷമുള്ള കോളജു മാനേജുമെന്റ് അന്ന് ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത്തു പോന്നിരുന്നു. അവര്‍ പ്രീ ഡിഗ്രി തോല്‍ക്കും വീണ്ടും പ്രീഡിഗ്രിക്ക് അവിടെ ചേരും. അടിപിടിയും അക്രമവും നടത്തുന്നതിന് അവര്‍ക്ക് ബാഹ്യ സഹായവും ലഭിച്ചിരുന്നു. ഞങ്ങള്‍ നേതൃത്തം കൊടുത്ത എറണാകുളം മഹാരാജാസിലെ കോളജു യൂണിയന്‍ അത്തവണ സര്‍വ്വകലാശാലാ നാടകോത്സവത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. അടുത്ത കാലങ്ങളിലൊന്നും മഹാരാജാസ് കോളജ് നാടകോത്സവങ്ങളില്‍ പങ്കെടുത്തിരുന്നില്ല. പ്രഗത്ഭരായ അധ്യാപകരും വിദ്യാര്‍ഥികളുമുള്ള അന്നത്തെ മഹാരാജാസ്സില്‍ നിന്നു വരുന്ന നാടകം എന്തു കൊണ്ടും സമ്മാനം നേടുമെന്ന് കൊച്ചിന്‍ കോളേജുകാര്‍ക്കറിയാമായിരുന്നു.*ഏഴാം യാമം 'എന്ന നാടകം അരങ്ങത്തവതരിപ്പിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ തലേവര്‍ഷത്തെ ജേതാക്കളായവര്‍ക്ക് അങ്കലാപ്പു തുടങ്ങി.നാടകം നടക്കുന്ന ടൗണ്‍ഹാളില്‍ മഹാരാജാസ് ഹോസ്റ്റലിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ചില പ്രീ ഡിഗ്രി വിദ്യാര്‍ഥികള്‍ വാളണ്ടിയര്‍മാരായി ഉണ്ടായിരുന്നു. മഹാരാജാസിന്റെ നാടകം അവതരിപ്പിക്കപ്പെട്ടതിന്റെ തലെദിവസം മഹാരാജാസിലെ കുട്ടികളെ കൊച്ചിന്‍ കോളജുകാര്‍ തല്ലി. ഞങ്ങള്‍ തിരിച്ചടിച്ചില്ല.നാടകം അവതരിപ്പിക്കുക സമ്മാനം നേടുക,ഒരു ബുദ്ധിവിരുദ്ധപ്രസ്ഥാനത്തിന്റെ കുത്തക അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി ഞങ്ങള്‍ മുന്നേറി.ഞങ്ങള്‍ക്ക് സര്‍വ്വകലാശാലാ ട്രോഫി ലഭിക്കുന്നു. ഇന്നത്ത പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനൊന്റെ തിരുവനതപുരം യൂണിവേഴ്‌സിറ്റി കോളജ് ടീമിന് രണ്ടാം സമ്മാനം. കെഎസ്‌യുവിന്റെ തലേവര്‍ഷത്തെ ജനറല്‍ സെക്രട്ടറിയും ഏഴാം യാമത്തിലെ പ്രധാന അഭിനേതാവുമായിരുന്ന എം എ.ബാലചന്ദ്രന്‍ യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും നല്ലനടന്‍. നാടകം വിജയിപ്പിച്ചതിനു പിന്നില്‍ മമ്മൂട്ടിയെപ്പോലുള്ള അനവധി കലാകാരന്മാരും കലാകാരികളും.

കാര്യങ്ങള്‍ ഇവിടെ അവസാനിച്ചില്ല.മഹാരാജാസിലെ പിഞ്ചു കുട്ടികളെ മര്‍ദ്ദിച്ച കെജെ പോളിനെ മഹാരാജാസിലെ എസ്എഫ്‌ഐ നേതാവായിരുന്ന ആല്‍ബി അഗസ്റ്റിന്‍ തോപ്പും പടിയില്‍ വച്ച് ആക്രമിച്ചു. അത് കൊച്ചിയിലെ വിദ്യാര്‍ഥി ഗുണ്ടാ സംഘത്തിന് സഹിക്കാവുന്നതായിരുന്നില്ല.കൊച്ചിയിലെ പൊലീസുപോലും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് നടന്നത് അവര്‍ മഹാരാജാസ് കൊളജിനെ കൊലക്കളമാക്കാന്‍ ശ്രമിച്ചു.

അങ്ങനെയാണ് 1973ല്‍ ഹോസ്പിറ്റല്‍ റോഡിലെ തേജസ് ക്ലിനിക്കിനു മുന്നില്‍ വച്ച് ഹോസ്റ്റലില്‍ നിന്നിറങ്ങിവന്ന മുത്തുക്കൊയയെ എസ്എഫ് ഐ ക്കാരനാണെന്നു കരുതി കുത്തിക്കൊന്നത്.(ആ കേസ്സു വെറുതെ വിട്ടു.കൊലപാതികകള്‍ നല്ല ആരോഗ്യത്തോടും പേരോടും ഇന്നും കൊച്ചിയിലുണ്ട്. അവര്‍ക്കു കാലം മാപ്പു കൊടുക്കുമായിരിക്കും. അതിലെ മുഖ്യപ്രതി കടുത്ത ദൈവ വിശ്വാസിയായി പാവങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി ധര്‍മ്മകൃത്യങ്ങള്‍ നിര്‍വ്വഹിച്ചു കഴിയുന്നു)

അഭിമന്യു കൊലചെയ്യപ്പെട്ടത് 1973ലെപ്പോലെയുള്ള വിദ്യാര്‍ഥി സംഘട്ടനത്തെ തുടര്‍ന്നല്ല.പട്ടിണിയും കഷ്ടപ്പാടുമുള്ള ഇടുക്കി വട്ടവട എന്ന് പ്രദേശത്തുനിന്നും കൊച്ചിയിലെത്തി ഹോട്ടല്‍പ്പണി വരെ ചെയ്ത്, പഠിച്ച് ശാസ്ത്രജ്ഞനാകാന്‍ ശ്രമിച്ച ഒരു കുരുന്നിനെ മുളയിലേ നുള്ളുകയായിരുന്നു., സ.സുധീഷിനെ കൊന്നതു പോലെ.!സുധീഷിനെ കൊന്നത് ഭൂരിപക്ഷവര്‍ഗ്ഗീയതയായിരുന്നെങ്കില്‍ അഭിമന്യുവിനെ കൊന്നത് ന്യൂന പക്ഷവര്‍ഗ്ഗീയത.

ഇതു വെറുമൊരു കൊലപാതകമല്ല,കേരളത്തില്‍ പുരോഗമന ജനാധിപത്യ ശക്തികള്‍ വളര്‍ന്നുകൂട എന്ന് ആരോ എടുത്ത തീരുമാനം ഒരു പാതിരാത്രിയില്‍ നടപ്പാക്കുകയായിരുന്നു.ഒരു കാമ്പസ് സംഘട്ടനമെന്ന നിലയില്‍ ഇതിനെ ലളിതവല്‍ക്കരിക്കപ്പെട്ടുകൂട.അഭിമന്യു നമ്മുടെ അഭിമാനം-രമേശന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com