ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് യുവാവിന്റെ ആത്മഹത്യാഭീഷണി; ഫയര്‍ഫോഴ്‌സിന്റെ നാടകീയ ഇടപെടല്‍ കണ്ട് നാട്ടുകാര്‍ ഞെട്ടി

ഗ്യാസ് നിറഞ്ഞു നില്‍ക്കുന്ന വീടിന്റെ വാതിലുകളും ജനാലകളും അടച്ചിരിക്കുന്നതിനാല്‍ തീപ്പെട്ടി ഉരച്ചാലുടന്‍ വന്‍ സ്‌ഫോടനം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.
ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് യുവാവിന്റെ ആത്മഹത്യാഭീഷണി; ഫയര്‍ഫോഴ്‌സിന്റെ നാടകീയ ഇടപെടല്‍ കണ്ട് നാട്ടുകാര്‍ ഞെട്ടി

തിരുവനന്തപുരം: അടച്ചിട്ട ഇരുനില വീട്ടില്‍ ഗ്യാസ് തുറന്നുവിട്ട് തീപ്പെട്ടിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ മനോവിഭ്രാന്തിയുള്ള യുവാവിനെ ഫയര്‍ഫോഴ്‌സ് കീഴടക്കിയത് ജീവന്‍ പണയംവെച്ച്. പൊലീസിനെ വട്ടംചുറ്റിച്ച് നാട്ടുകാരെ പരിഭ്രാന്തരാക്കിയ യുവാവിനെ നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് സേനയുടെ ചരിത്രത്തിലെ മികച്ച നീക്കത്തിലൂടെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. 

അമ്പലമുക്ക് എന്‍.സി.സി നഗര്‍ രാമപുരം ലെയിനില്‍ ശുഭാനിവാസില്‍ അനുമോനാണ് (30) നാടിനെ ഒന്നാകെ വിറപ്പിച്ചത്. ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തിയ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിന് പേരൂര്‍ക്കട പൊലീസ് കേസെടുത്തു. 

അമ്മ രാവിലെ തന്നെ കൊല്ലത്തെ ബന്ധുവിന്റെ വീട്ടിലേക്കു പോയതിന് പിന്നാലെയായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. അടുക്കളയിലെ പാചതവാതക സിലിണ്ടറിന്റെ കുഴല്‍ യുവാവ് അറുത്തുമാറ്റി. സിലിണ്ടര്‍ ഒന്നാം നിലയിലേക്കു കൊണ്ടുപോയി. ഇതു തുറന്നുവിട്ടതോടെ അടുത്ത വീടുകളിലുള്ളവര്‍ ഗന്ധം തിരിച്ചറിഞ്ഞു. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അനു വീടിന്റെ രണ്ടാം നിലയില്‍ ഗ്യാസ് സിലിണ്ടറുമായി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. 

ചെങ്കല്‍ചൂള ഫയര്‍ സ്‌റ്റേഷനില്‍ നിന്നു സ്‌റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം സ്ഥലത്തെത്തി. ഗ്യാസ് നിറഞ്ഞു നില്‍ക്കുന്ന വീടിന്റെ വാതിലുകളും ജനാലകളും അടച്ചിരിക്കുന്നതിനാല്‍ തീപ്പെട്ടി ഉരച്ചാലുടന്‍ വന്‍ സ്‌ഫോടനം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വെള്ളം ചീറ്റുന്ന രണ്ട് യന്ത്രങ്ങള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തന്ത്രപരമായി ഒരേസമയം പ്രവര്‍ത്തിപ്പിച്ച് മുറിയുടെ ഇരുവശങ്ങളിലുമുള്ള ജനാലകള്‍ പൊട്ടിച്ച് വെള്ളം അകത്തേക്ക് ചീറ്റി. അനുവിന്റെ കൈയിലിരുന്ന തീപ്പെട്ടി നനഞ്ഞു കുതിര്‍ന്നതോടെ കത്തിക്കാനുള്ള ശ്രമം പാളി. ഇതേസമയം മറ്റ് ജീവനക്കാര്‍ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നു. ആക്രമണകാരിയായ യുവാവ് ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. മിനിട്ടുകള്‍ക്കകം വീടിന് പുറത്തേക്ക് യുവാവിനെ എത്തിച്ച് പൊലീസിന് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com