അഭിമന്യു വധത്തില്‍ പ്രതിഷേധ പ്രകടനം നടത്തി: ഒറ്റപ്പാലം എന്‍എസ്എസ് കോളജ് അനിശ്ചിതകാലത്തേക്ക് പൂട്ടി; വിദ്യാര്‍ത്ഥി സംഘടനകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്‌ഐ

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു
അഭിമന്യു വധത്തില്‍ പ്രതിഷേധ പ്രകടനം നടത്തി: ഒറ്റപ്പാലം എന്‍എസ്എസ് കോളജ് അനിശ്ചിതകാലത്തേക്ക് പൂട്ടി; വിദ്യാര്‍ത്ഥി സംഘടനകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്‌ഐ

ഒറ്റപ്പാലം: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നാലാം തീയതി എസ്എഫ്‌ഐയുടെ പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം ലോങ് ബെല്ലടിച്ച് കോളജ് വിട്ടതിന് ശേഷം ഇതുവരെ കോളജില്‍ ക്ലാസുകള്‍ തുടങ്ങിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ വ്യക്തമാക്കി. ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോളജിന് അനിശ്ചിതകാല അവധി നല്‍കിയത് എന്നാണ് മാനേജ്‌മെന്റ് വിശദീകരണം. എന്നാല്‍ അടുത്ത കാലത്തൊന്നും ക്യാമ്പസില്‍ ഒരുവിധ വിദ്യാര്‍ത്ഥി സംഘടന സംഘട്ടനങ്ങളും നടന്നിട്ടില്ലെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പുറത്താക്കാനുള്ള മാനേജ്‌മെന്റിന്റെ ഗൂഢ പ്രവര്‍ത്തികളുടെ ഭാഗമാണ് ഇതെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു. 

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പശ്ചാതലത്തില്‍ ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ എസ്എഫ്‌ഐ തീരുമാനിച്ചിരുന്നു. അന്നേദിവസം തന്നെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് ഉണ്ടായിരുന്നു. ഇതുകണക്കിലെടുത്ത് പ്രതിഷേധം നേരത്തെ ആരംഭിച്ചു. അപ്പോള്‍ പ്രിന്‍സിപ്പാള്‍ ലോങ് ബെല്ലടിച്ചിു വിടുകയായിരുന്നു. കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദായിരിക്കും കാരണം എന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് പത്ര അറിയിപ്പ് കണ്ടപ്പോഴാണ് ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടിച്ചിരിക്കുന്നു എന്നറിഞ്ഞത്- എസ്എഫ്‌ഐ ഒറ്റപ്പാലം ഏര്യ സക്രട്ടറി ശരത് ശങ്കര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

നാളുകളായി ക്യാമ്പസില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി വരികയാണെന്നും എസ്എഫ്‌ഐ ആരോപിച്ചു. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങള്‍ മാനേജ്‌മെന്റ് ത്രിയുടെ മറവില്‍ നീക്കി. ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ അവിടെത്തന്നെ കൊടിമരം സ്ഥാപിച്ചു. ഇതില്‍ മാനേജ്‌മെന്റ് വൈരാഗ്യം കാണിക്കുകയാണെന്നും ശരത് പറയുന്നു. 

എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം
 

സംഘര്‍ഷങ്ങളൊന്നും നടക്കാത്ത ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥയുണ്ടെന്ന് വരുത്തി തീര്‍ത്ത് വിദ്യാര്‍ത്ഥി സംഘടനളെ പുറത്താക്കി അടിമ സംസ്‌കാരം പഠിപ്പിക്കാന്‍ മാനേജ്‌മെന്റ് നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി. ഞങ്ങള്‍ക്കും പഠിക്കണം എന്ന പേരില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിന് എതിരെ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com