'ഞെക്കി കൊല്ലാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ നക്കി കൊല്ലാന്‍ ശ്രമം' ; കോടിയേരിയുടെ എല്‍ഡിഎഫ് ക്ഷണം തളളി ആര്‍എസ്പി 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ എല്‍ഡിഎഫിലേക്കുളള ക്ഷണം തളളി ആര്‍എസ്പി.
'ഞെക്കി കൊല്ലാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ നക്കി കൊല്ലാന്‍ ശ്രമം' ; കോടിയേരിയുടെ എല്‍ഡിഎഫ് ക്ഷണം തളളി ആര്‍എസ്പി 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ എല്‍ഡിഎഫിലേക്കുളള ക്ഷണം തളളി ആര്‍എസ്പി. യുഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആവര്‍ത്തിച്ചു. പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ലമെന്റ് സീറ്റിന്റെ പേരിലല്ല പാര്‍ട്ടി എല്‍ഡിഎഫ് വിട്ടത്. ഇടതുമുന്നണിയിലെ തിക്താനുഭവങ്ങളാണ് മുന്നണി വിടാന്‍ കാരണം. ആര്‍എസ്പിയുടെ സീറ്റുകള്‍ ക്രമേണ കവര്‍ന്നെടുക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സ്വീകരിച്ചതെന്നും എ എ അസീസ് ആരോപിച്ചു.മൂന്നാംകിട തെരഞ്ഞെടുപ്പ് തന്ത്രമാണ് കോടിയേരി പയറ്റുന്നത്. ഞെക്കിക്കൊല്ലാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ നക്കി കൊല്ലാനാണ് ശ്രമിക്കുന്നതെന്നും അസീസ് കുറ്റപ്പെടുത്തി. 

സിപിഎം പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലുടെയാണ് കോടിയേരി ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫ് വിട്ടശേഷം ഈ നിലയ്ക്കുളള തുറന്ന സമീപനം ആര്‍എസ്പിയുടെ കാര്യത്തില്‍ സിപിഎം സ്വീകരിക്കുന്നത് ആദ്യമാണ്.യുഡിഎഫ് വിട്ടുവന്നാല്‍ ആര്‍എസ്പിയെ ഉള്‍ക്കൊള്ളാന്‍ എല്‍ഡിഎഫ് തയാറാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു ഫലത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്നണി വിടണമെന്ന അഭിപ്രായം ആര്‍എസ്പിയില്‍ ശക്തമാണ്. ഇടത് ഐക്യത്തിന്റെ കൊടി ഉയര്‍ത്തണമെന്നു പരസ്യമായി പറയാന്‍ ചില നേതാക്കള്‍ തയാറായിട്ടുണ്ട്. ഇവരുടെ ശബ്ദം കേള്‍ക്കാനും യുഡിഎഫ് വിട്ടു പുറത്തുവരാനും തയാറായില്ലെങ്കില്‍ ആ പാര്‍ട്ടി വലിയ തകര്‍ച്ച നേരിടും- കോടിയേരി അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി വിട്ടവരെയെല്ലാം തിരിച്ചുകൊണ്ടുവരണമെന്നു ദേശീയതലത്തില്‍ സിപിഎം തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ആര്‍എസ്പിക്കുള്ള ക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com