പുസ്തകം എടുക്കാന്‍ വൈകി,ഒന്നാം ക്ലാസുകാരന് ടീച്ചറുടെ വക ക്രൂരമര്‍ദ്ദനം

ക്ലാസ് നടന്നുകൊണ്ടിരിക്കെ പുസ്തകമെടുക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടി അല്പം വൈകിപ്പോയതാണ് അദ്ധ്യാപികയെ പ്രകോപിപ്പിച്ചത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: ക്ലാസില്‍ പുസ്തകം എടുക്കാന്‍ വൈകിയതിന് അദ്ധ്യാപിക ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പുറം അടിച്ചുപൊളിച്ചതായി പരാതി. മഞ്ചേശ്വരം സബ് ജില്ലയിലെ അട്ടഗോളി എ.എല്‍.പി സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ബായിക്കട്ടയിലെ സിദ്ധിഖിന്റെ മകന്‍ മൊയ്തീന്‍ സാദത്താണ് (5) അദ്ധ്യാപികയുടെ കടുത്ത ചൂരല്‍പ്രയോഗത്തിന് ഇരയായത്.

ഇന്നലെ സ്‌കൂളിലെത്തിയ അദ്ധ്യാപികയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. സ്‌കൂളിന് പുറത്ത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരവും നടത്തി. വിവരമറിഞ്ഞ് മഞ്ചേശ്വരം എ.ഇ.ഒ ദിനേശന്‍ സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അതിനിടെ, പി.ടി.എ ഇടപെട്ട് അദ്ധ്യാപികയോട് ഒരുമാസത്തെ അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു.

ക്ലാസ് നടന്നുകൊണ്ടിരിക്കെ പുസ്തകമെടുക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടി അല്പം വൈകിപ്പോയതാണ് അദ്ധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ചൂരല്‍ കൊണ്ടുള്ള അടിയേറ്റ് പുറത്ത് തൊലിയുരിഞ്ഞ നിലയിലാണ്. ദിവസവും വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നാല്‍ കളിക്കാന്‍ പോവാറുള്ള കുട്ടി പുറത്തിറങ്ങാന്‍ മടിച്ചപ്പോള്‍, മാതാവ് കാര്യമന്വേഷിച്ചതോടെ ഷര്‍ട്ട് ഊരി അടിയേറ്റ ഭാഗം കാണിക്കുകയായിരുന്നു.

കഴിഞ്ഞദിവസം 'അമ്മാ അപ്പാ' എന്നെഴുതിയത് തെറ്റിയതിന് കുമളിയില്‍ ഒന്നാംക്‌ളാസുകാരനെ അദ്ധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചിന് പിന്നാലെയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com