ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകും; കന്യാസ്ത്രീ പരാതി പിന്‍വലിച്ചേക്കുമെന്ന പ്രതീക്ഷയില്‍ സഭ

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗക്കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിയേക്കും. തിടുക്കത്തില്‍ ബിഷപ്പിനെ അറസ്റ്റുചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകും; കന്യാസ്ത്രീ പരാതി പിന്‍വലിച്ചേക്കുമെന്ന പ്രതീക്ഷയില്‍ സഭ

തിരുവല്ല: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗക്കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിയേക്കും. തിടുക്കത്തില്‍ ബിഷപ്പിനെ അറസ്റ്റുചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം. രഹസ്യമൊഴിയുടെ പകര്‍പ്പ് കിട്ടിയശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനാണ് പൊലീസ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കം അണിയറയില്‍ ശക്തമായി. സഭയ്ക്കുളളില്‍ നിന്നുതന്നെയാണ് സമ്മര്‍ദ്ദം തുടങ്ങിയിരിക്കുന്നതെന്ന് ജലന്ധര്‍ രൂപതയിലെ വൈദികന്‍ വെളിപ്പെടുത്തി. പീഡനത്തിനിരയായ കന്യാസ്ത്രീ തന്നെ ബിഷപ് ഫ്രാങ്ക് മുളയ്ക്കലിനെതിരെ ബലാല്‍സംഗം സംബന്ധിച്ച് രഹസ്യമൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് സമ്മര്‍ദ്ദ നീക്കം ശക്തമായിരിക്കുന്നത്. കന്യാസ്ത്രിക്ക് പിന്തുണ നല്‍കുന്ന വൈദികരുടെയും കന്യാസ്ത്രീകളെയും നേരില്‍ക്കണ്ട് പരാതി പിന്‍വലിപ്പിക്കാനാണ് നീക്കമെന്ന് ജലന്ധര്‍ രൂപതിയലെ വൈദികനായ ഫാദര്‍ സെബാസ്റ്റ്യന്‍ പളളപ്പളളി പറഞ്ഞു

സിറോ മലബാര്‍ സഭയിലേയും ലത്തീന്‍ സഭയിലേയും വൈദികര്‍തന്നൊണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. തൃശൂര്‍, ചാലക്കുടി കേന്ദ്രീകരിച്ചാണ് സമ്മര്‍ദ്ദനീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ പ്രതി ചേര്‍ത്താലുടനെ കോടതിയെ സമീപിക്കാനുളള നീക്കങ്ങള്‍ ബിഷപ്പും തുടങ്ങിയിട്ടുണ്ട്.
 
ദേശീയവനിതാകമ്മീഷന്‍ വൈകിട്ട് കന്യാസ്ത്രീയെ സന്ദര്‍ശിച്ചു. ക്യാസ്ത്രീയുടെ പരാതിയില്‍ കുറവലങ്ങാട് മഠത്തിലെ മറ്റ് കന്യാസ്ത്രീകളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വൈക്കം ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. രഹസ്യമൊഴിക്കായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ജലന്ധര്‍ രൂപതയ്ക്ക് കേരളത്തില്‍ കോട്ടയത്തും കണ്ണൂരിലുമാണ് മഠങ്ങളുള്ളത്. 2014 മെയ് നാല് മുതല്‍ രണ്ട് വര്‍ഷം ബിഷപ്പിന്റെ മുഴുവന്‍ ടൂര്‍ രേഖകളും പൊലീസ് ശേഖരിച്ചു. കേരളത്തില്‍ എവിടെയൊക്കെ തങ്ങിയെന്നതുള്‍പ്പടെയുള്ള വിവരങ്ങളും പൊലീസിന് കിട്ടി. കന്യാസ്ത്രിയുടെ രഹസ്യമൊഴി കിട്ടിയ ശേഷം എഫ്‌ഐആറുമായി പരിശോധിക്കണം. എല്ലാ മൊഴികളും പരിശോധിച്ച ശേഷമേ ബിഷപ്പിനെ ചോദ്യംചെയ്യുവെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com