ഹൈദരബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോയ സഖാവ് സുരേന്ദ്രന്‍ എവിടെ; നാട് കാത്തിരിക്കുന്നു

ഹൈദരബാദില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് പോയ കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിയിലെ കണ്ണാടിപ്പൊയില്‍ കുന്നിക്കൂട്ടത്തില്‍ സുരേന്ദ്രനെയാണ് കാണാതായത്. 
ഹൈദരബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോയ സഖാവ് സുരേന്ദ്രന്‍ എവിടെ; നാട് കാത്തിരിക്കുന്നു


കോഴിക്കോട്: സുരേന്ദ്രന് എല്ലാം പാര്‍ട്ടിയായിരുന്നു. മനോവൈകല്യമുള്ള ഈ യുവാവിന് ഊണിലും ഉറക്കത്തിലും എല്ലാം സിപിഎം മാത്രം. അങ്ങനെയാണ് സുരേന്ദ്രന്‍ ഹൈദരബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തിനായി കോഴിക്കോട്ടുനിന്നും ട്രയിന്‍ കയറിയത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും സുരേന്ദ്രന്‍ നാട്ടില്‍ മടങ്ങിയെത്തിയില്ല.

കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിയിലെ കണ്ണാടിപ്പൊയില്‍ കുന്നിക്കൂട്ടത്തില്‍ സുരേന്ദ്രനെയാണ് കാണാതായത്. സുരേന്ദ്രന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്  ബാലുശ്ശേരിയിലെ നാട്ടുകാര്‍. സംസാര വൈകല്യമുള്ളതിനാല്‍ സുരേന്ദ്രന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. മലയാളമല്ലാതെ മറ്റൊന്നും സുരേന്ദ്രന് അറിയുകയുമില്ല. അതുകൊണ്ട് തന്നെ സുരേന്ദ്രനെ കണ്ടെത്തുകയെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.

പാര്‍ട്ടി സമ്മേളനങ്ങള്‍ എവിടെ നടന്നാലും റെഡ് വളണ്ടിയര്‍ കുപ്പായവുമായി സുരേന്ദ്രന്‍ ഉണ്ടാകും. സമ്മേളനത്തിന്റെ മുന്‍നിരയില്‍ ഇരുന്ന് സമ്മേളനം തീരുന്നതുവരെ നേതാക്കളുടെ പ്രസംഗം കേട്ട ശേഷം മാത്രമായിരിക്കും സുരേന്ദ്രന്‍ മടങ്ങുക. സമ്മേളനം കഴിഞ്ഞ് നടന്നാണ് നാട്ടിലേക്ക് വരുന്നതെങ്കില്‍ സ്വന്തം കൈ മൈക്കാക്കി വഴിനീളെ പ്രസംഗവും ഉണ്ടാകും. പൊതുസമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കന്‍മാര്‍ക്കൊപ്പം കുന്നിക്കൂട്ടത്തില്‍ സുരയും പങ്കെടുത്തെന്ന് ഉറക്കെ വിളിച്ചു പറയും. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനും റെഡ് വളണ്ടിയര്‍ കുപ്പായം വാങ്ങാനും പാര്‍ട്ടി സഖാക്കളില്‍ നിന്ന് മാത്രമെ സുരേന്ദ്രന്‍ സംഭാവന സ്വീകരിക്കുകയുമുള്ളു. കോഴിക്കോട് ജില്ലയിലെ ഏത് പാര്‍ട്ടി നേതാവിനും സുരേന്ദ്രന്‍ സുപരിചിതനുമാണ്.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതുപോലെ തന്നെ എല്ലാ മണ്ഡലകാലത്തും സുരേന്ദ്രന്‍ ശബരിമലയിലുമെത്തും. ഇഎംഎസിനോളം തന്നെ പിയപ്പെട്ടവനാണ് സുരേന്ദ്രന് ശബരിമല അയ്യപ്പനും. സുരേന്ദ്രനെ കണ്ടെത്തുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇതുവരെ സുരേന്ദ്രന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com