പൊലീസ് അന്വേഷണം തൃപ്തികരം ; വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കുറ്റമറ്റതാണ്. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന ഹര്‍ജിക്കാരിയുടെ വാദം ആശങ്ക മാത്രമാണെന്നും കോടതി
പൊലീസ് അന്വേഷണം തൃപ്തികരം ; വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് അന്വേഷണം ഇതുവരെ തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. 

പൊലീസുകാര്‍ പ്രതിയായ കേസിലെ അന്വേഷണം, പൊലീസ് നടത്തുന്നത് ശരിയല്ലെന്നാണ് അഖില ഉന്നയിച്ചത്. കൂടാതെ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും അഖില ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റൂറല്‍ എസ്പി രൂപീകരിച്ച ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിനാല്‍ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെ കേസില്‍ പ്രതി ചേര്‍ക്കാത്തതും അഖില ചൂണ്ടിക്കാണിച്ചു. എന്നാല്‍ അഖിലയുടെ വാദങ്ങള്‍ കോടതി തള്ളി. 

കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കുറ്റമറ്റതാണെന്ന് കോടതി വിലയിരുത്തി. കേസ് ഡയറി അടക്കം കോടതി വിശദമായി പരിശോധിച്ചിരുന്നു. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന ഹര്‍ജിക്കാരിയുടെ വാദം ആശങ്ക മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി വിധി കേരള പൊലീസിനും സംസ്ഥാന സര്‍ക്കാരിനും ആശ്വാസകരമാണ്. കേസില്‍ സിബിഐ വേണ്ടെന്ന കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അഖില പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അഖില അറിയിച്ചു. 

നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് നല്ലരീതിയില്‍ അന്വേഷിക്കുകയാണെന്നും, സിബിഐ അന്വേഷണം വേണ്ടെന്നുമായിരുന്നു സർക്കാർ നിലപാട്​. എന്നാൽ കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായ് പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ചത്. കേസിൽ പറവൂർ മുൻ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ മുൻ എസ്ഐ ദീപക്, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറൽ ടൈ​ഗർഫോഴ്സ് അം​ഗങ്ങളായ പൊലീസുകാർ എന്നിവർ പ്രതികളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com