ഗവാസ്‌കറിനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം; ജാതിപ്പേരില്‍ ജാമ്യമില്ല വകുപ്പ് ചുമത്താന്‍ ക്രൈംബ്രാഞ്ച്‌

എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ നാല് പേരുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി
ഗവാസ്‌കറിനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം; ജാതിപ്പേരില്‍ ജാമ്യമില്ല വകുപ്പ് ചുമത്താന്‍ ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ഉന്നത തലത്തില്‍ ഗൂഡാലോചനയെന്ന് സൂചന. പട്ടിക വിഭാഗത്തില്‍പ്പെട്ട തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ നാല് പേരുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. 

എഡിജിപിയുടെ മകള്‍, കായിക പരിശീലകയായ പൊലീസുകാരി, വീട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നീ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. 

ഇതിലൂടെ, പട്ടിക വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം, അധിക്ഷേപം എന്നീ വകുപ്പ് ചുമത്തി ജാമ്യമില്ലാ വകുപ്പെടുത്ത് ഗവാസ്‌കറിനെ കുടുക്കാനാണ് നീക്കമെന്നാണ് ആരോപണം ഉയരുന്നത്. എഡിജിപിയുടെ മകള്‍ ആദ്യം നല്‍കിയ പരാതിയില്‍ ജാതിപ്പേര് വിളിച്ചെന്ന് പറയുന്നില്ല. പിന്നീടാണ് ജാതിപ്പേര് വിളിച്ചെന്ന ആരോപണം ഉയര്‍ത്തിയത്. അതിനാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന വാദം. 

ജാതിപ്പേര് വിളിച്ചതിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ഗവാസ്‌കറിനെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചി്രുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സുധേഷ് കുമാറിന്റെ സഹ ബാച്ചുകാരനായ എഡിജിപിയാണ് അട്ടിമറി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com