'ചികില്‍സയ്ക്ക് അടക്കം പണം തരില്ല' ; ബിഷപ്പിന്റെ പീഡനത്തില്‍ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്താന്‍ സഭാ നേതൃത്വം, മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്

ബലാല്‍സംഗ പരാതിയുമായി വന്നത് സഭയ്‌ക്കെതിരായ ഗൂഢാലോചനയായയാണ് കത്തില്‍ സൂചിപ്പിക്കുന്നത്
'ചികില്‍സയ്ക്ക് അടക്കം പണം തരില്ല' ; ബിഷപ്പിന്റെ പീഡനത്തില്‍ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്താന്‍ സഭാ നേതൃത്വം, മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്


കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്താന്‍ സഭാ നേതൃത്വത്തിന്റെ നീക്കം. കന്യാസ്ത്രീയെ പിന്തുണയ്ക്കരുതെന്ന് കാണിച്ച് മദര്‍ സുപ്പീരിയര്‍ ജനറലിന്റെ കത്ത്. കുറവിലങ്ങാട്ടെ മദര്‍ സുപ്പീരിയറായിരുന്ന റജീന, സിസ്റ്റര്‍ നീനു റോസിന് നല്‍കിയ കത്താണ് പുറത്തുവന്നത്. 

ബലാല്‍സംഗ പരാതിയുമായി വന്നത് സഭയ്‌ക്കെതിരായ ഗൂഢാലോചനയായയാണ് കത്തില്‍ സൂചിപ്പിക്കുന്നത്. ഇത് സഭയ്‌ക്കെതിരായ വിമത പ്രവര്‍ത്തനമാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വധിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഈ വിമത പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണം. അല്ലെങ്കില്‍ ചികില്‍സയ്ക്ക് അടക്കം പണം തരില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. 

രോഗബാധിതയായ സിസ്റ്റര്‍ നീനുറോസിന് പണം അനുവദിച്ചില്ലെന്നും, ചികില്‍സ വൈകിച്ചെന്നും നീനുറോസിന്റെ മാതാപിതാക്കള്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്. സഭയ്‌ക്കെതിരെ നീങ്ങിയാല്‍ മാനസികമായി അടക്കം തകര്‍ക്കുമെന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണക്കുന്നവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

അതിനിടെ ബിഷപ്പിനെതിരെ നല്‍കിയ പരാതിയില്‍ കന്യാസ്ത്രീയില്‍ നിന്നും ഇന്ന് വീണ്ടും അന്വേഷണസംഘം മൊഴിയെടുക്കും.  കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്  ഇന്നലെ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. 114 പേജുള്ള മൊഴിയും പൊലീസിന് കൊടുത്ത മൊഴിയും പരിശോധിച്ച ശേഷമാണ് വീണ്ടും മൊഴിയെടുപ്പ് നടത്തുന്നത്.  

പൊലീസിനോട് പറയാത്ത കാര്യങ്ങള്‍ രഹസ്യമൊഴിയിലുണ്ടെങ്കില്‍ അതിന്റ വ്യക്തതയ്ക്കായാണ് വീണ്ടും മൊഴിയെടുക്കുന്നത്. അതേസമയം കന്യാസ്ത്രീയുടെ കുടുംബത്തിനെതിരെ ബിഷപ്പ് നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്നാണ് അന്വേഷണസംഘത്തിന്റ പ്രാഥമിക വിലയിരുത്തല്‍. ബിഷപ്പിന്റ പരാതി കോടനാട് പൊലീസിന് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com