'നിങ്ങളുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും മാറ്റിവെക്കൂ, കെഎസ്ആര്‍ടിസിക്കായി നമുക്ക് ഒന്നിക്കാം'; ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്

തൊഴിലാളി സംഘടനകള്‍ മാനേജ്‌മെന്റിന്റെ അധികാരത്തിലേക്ക് കൈകടത്തുന്നത് അനുവദിക്കാനാകില്ല
'നിങ്ങളുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും മാറ്റിവെക്കൂ, കെഎസ്ആര്‍ടിസിക്കായി നമുക്ക് ഒന്നിക്കാം'; ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്

തിരുവനന്തപുരം; കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ജീവനക്കാരുടെ പിന്തുണ തേടി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി കത്തയച്ചു. സങ്കുചിത താല്‍പര്യങ്ങളും അവകാശവും സ്വാതന്ത്ര്യവും ത്യജിച്ച് സ്ഥാപനത്തെ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്നാണ് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം പറയുന്നത്. സ്ഥാപനത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ചില തൊഴിലാളി സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് തച്ചങ്കരിയുടെ നടപടി. 
 
തൊഴിലാളി സംഘടനകള്‍ മാനേജ്‌മെന്റിന്റെ അധികാരത്തിലേക്ക് കൈകടത്തുന്നത് അനുവദിക്കാനാകില്ലെന്നും, മുന്‍ മാനേജുമെന്റുകള്‍ അത്തരം ഇടപെടലുകള്‍ക്ക് വഴങ്ങിക്കൊടുത്തതാണ് സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും എംഡി കത്തില്‍ ഓര്‍മപ്പെടുത്തുന്നു. നിയമപരമായി സമരം ചെയ്യാനുള്ള അവകാശത്തെയല്ല മാനേജ്‌മെന്റ് തടഞ്ഞത്. മറിച്ച് ജോലി സമയത്ത് ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മൈക്ക് ഉപയോഗിച്ചുള്ള മുദ്രാവാക്യങ്ങളും ഓഫിസിലെ പ്രകടനത്തിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. ഇത് ഭരിക്കുന്ന സര്‍ക്കാരിന്റെ നയമാണെന്നാണ് തച്ചങ്കരി പറയുന്നത്. 

പുതുതായി നിയന്ത്രണങ്ങളൊന്നും മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും രണ്ടര മാസത്തിനുള്ളില്‍ നിയമവിരുദ്ധമായി ഒരു തൊഴിലാളിയെപോലും പിരിച്ചു വിട്ടിട്ടില്ലെന്നും എംഡി കത്തില്‍ പറയുന്നു. സ്വാധീനമുപയോഗിച്ച്, ശാരീരിക അവശതകളുടെ പേരില്‍ ലഘുവായ ജോലികള്‍ തരപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു. ഇതിനു തടയിടാനാണ് ശാരീരിക അവശത അനുഭവിക്കുന്നവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കാന്‍ തീരുമാനിച്ചത്.

കിഫ്ബി വഴി പണം എടുത്ത് 1000 ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഇത് കടക്കെണിയിലേക്ക് തള്ളിവിടാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ഇപ്പോള്‍ തന്നെ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് നടത്താനാകാത്ത അവസ്ഥയാണ്. ഒട്ടും താല്‍പ്പര്യമില്ലാതെയാണ് താന്‍ എംഡി പദവി ഏറ്റെടുത്തത്. എന്നാല്‍ ദിവസങ്ങള്‍കഴിയുമ്പോള്‍ സ്ഥാപനത്തിനോടുള്ള ഇഷ്ടം കൂടിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com