ഹൃദയം പൊട്ടി ആ അച്ഛന്‍ ചോദിച്ചു....'അഭിമന്യുവും അര്‍ജ്ജുനും ചെയ്ത തെറ്റ് എന്താണ്'

അഭിമന്യുവും അര്‍ജ്ജുനും ചെയ്ത തെറ്റ് എന്താണ്. അവരുടെ ആശയങ്ങളും ആഗ്രഹങ്ങളും നന്നായി നടപ്പാക്കാന്‍ സ്വാധീനമുള്ള പ്രസ്ഥാനത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആയതോ
ഹൃദയം പൊട്ടി ആ അച്ഛന്‍ ചോദിച്ചു....'അഭിമന്യുവും അര്‍ജ്ജുനും ചെയ്ത തെറ്റ് എന്താണ്'


കൊച്ചി: എറണാകുളം മഹാജാസ് കൊളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വര്‍ഗീയ തീവ്രവാദത്തിനെതിരായ ജനകീയ കൂട്ടായ്മയില്‍ വികാരഭരിതനായി അര്‍ജുന്റെ അച്ഛന്‍ മനോജ്. അവന്റെ ഉള്ളില്‍ ഇപ്പോഴും ആ കലാലയത്തോടും പ്രസ്ഥാനത്തോടുമുള്ള അഭിനിവേശമാണ്. ഞാനതിനെ ഒരിക്കലും കെടുത്താന്‍ ശ്രമിക്കില്ല. അതില്‍ നിന്ന് പിന്തിരിപ്പിക്കില്ല. അവന്‍ധൈര്യത്തോടെ മുന്നോട്ട് പോകട്ടെ എന്നായിരുന്നു ആ അച്ഛന്റെ വാക്കുകള്‍.

അഭിമന്യുവും അര്‍ജ്ജുനും ചെയ്ത തെറ്റ് എന്താണ്. അവരുടെ ആശയങ്ങളും ആഗ്രഹങ്ങളും നന്നായി നടപ്പാക്കാന്‍ സ്വാധീനമുള്ള പ്രസ്ഥാനത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആയതോ. അര്‍ജ്ജുന് മഹാരാജാസില്‍ പ്രവേശനം കിട്ടിയപ്പോള്‍ എറണാകുളത്ത് പോകണോ, അത് വലിയ സിറ്റിയാണ്, പ്രശ്‌നങ്ങളാണ് എന്നൊക്കെയുള്ള ആശങ്കള്‍ പ്രകടിപ്പിച്ചു. എന്നാല്‍ അവന് ആത്മവിശ്വാസമുണ്ടായിരുന്നു. അവന് പരുക്കേറ്റതിനെക്കാള്‍ ദു:ഖമാണ് അഭിമന്യുവിന്റെ വേര്‍പാടില്‍. ഞായറാഴ്ച വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ ആ ആച്ഛന്റെയും അമ്മയുടെയും കരച്ചില്‍ തളര്‍ത്തി.

മകനെ...വാരിയെല്ല് തകര്‍ന്ന് കത്തി കയറിയാണ് എന്റെ കുഞ്ഞ് മരിച്ചത്. എന്ന് കണ്ണീരോടെ ആ അമ്മ പറഞ്ഞപ്പോള്‍ ഞാനും കരഞ്ഞു. ആ ആച്ഛന്‍ ജോലിക്ക് പോകുമ്പോള്‍ അഭിമന്യു ഉറങ്ങിക്കിടക്കുകയായിരുന്നു. പുറത്തേക്ക് വന്ന അവന്റെ കാലുകള്‍  ആ ചെറിയ കട്ടിലിലേക്ക് കയറ്റിവെച്ചാണ് അദ്ദേഹ വീട്ടില്‍ നിന്ന് ഇറങ്ങിയത്. കണ്ണീരടക്കാതെ ആ അമ്മ പറഞ്ഞു. 

അഭിമന്യു അവസാനം വായിച്ചത് റോബിന്‍ ശര്‍മയുടെ നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും എന്ന പുസ്തകത്തിന്റെ 76ാം പേജാണ്. സ്‌നേഹത്തിന്റെ കണക്ക് സൂക്ഷിക്കണം എന്ന അധ്യായം വരെ അവന്‍ വായിച്ചുതീര്‍ത്തു. ഇനിവായിക്കേണ്ടത് 'കൃഷ്ണമണിക്ക് പുറകില്‍ സ്ഥാനം പിടിക്കുക' എന്ന അധ്യായമായിരുന്നു. ആ ആധ്യായം പോലെ അഭിമന്യു ഇപ്പോള്‍ കൃഷ്ണമണിക്ക് പിന്നില്‍ മറഞ്ഞിരിക്കുകയാണെന്നും വികാരനിര്‍ഭരനായി അര്‍ജുന്റെ പിതാവ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com