സഹോദരനൊപ്പം നീന്തല്‍ പഠിക്കാന്‍ കുളത്തിലിറങ്ങിയ ഒന്‍പതാം ക്ലാസുകാരന്‍ മുങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th July 2018 07:48 AM |
Last Updated: 11th July 2018 07:48 AM | A+A A- |
കൂത്താട്ടുകുളം; സഹോദരനൊപ്പം വീടിന് സമീപമുള്ള പൊതു കുളത്തില്‍ നീന്തല്‍ പഠിക്കുകയായിരുന്ന പതിനാലുകാരന്‍ മുങ്ങി മരിച്ചു. ഇടയാര്‍ കുളങ്ങരപ്പടിയില്‍ ജിമ്മി കെ. തോമസിന്റെ മകന്‍ ജോമോന്‍ കെ ജിമ്മിയാണ് മരിച്ചത്. മൂത്ത സഹോദരനൊപ്പം വീടിന് സമീപത്തുള്ള കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
കാറിന്റെ ട്യൂബില്‍ കാറ്റടിച്ചാണ് ഇരുവരും നീന്തല്‍ പരിശീലിക്കാനിറങ്ങിയത്. അതിനിടെ ജോമോന്‍ കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന തോമസുകുട്ടി അനിയനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവം അറിഞ്ഞ് ഓടിയെത്തിയ അചഛന്‍ ജിമ്മിയാണ് കുളത്തില്‍ ചാടി മകനെ പുറത്തെടുത്തത്. നിലവിളി കേട്ട് തൊട്ടടുത്തുള്ള കവലയില്‍ നിന്നുള്ളവരും എത്തിയിരുന്നു.
അഗ്നി ശമന സേനാംഗങ്ങള്‍ എത്തുന്നതിന് മുന്‍പ് കുട്ടിയെ കരയ്‌ക്കെത്തിച്ചേങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്താട്ടുകുളം ബാപ്പുജി സിബിഎസ്ഇ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോമോന്‍.