ആരെ കബളിപ്പിക്കാനാണ് ലീഗിന്റെ നുണപ്രചാരണം; കണ്ണൂര്‍ ജില്ലയില്‍ ഒരിടത്തും എസ്ഡിപിഐയുമായി സഖ്യമില്ലെന്ന് പി ജയരാജന്‍

കണ്ണൂര്‍ ജില്ലയില്‍ ഒരിടത്തും സിപിഎം - എസ്ഡിപിഐ സഖ്യമില്ലെന്ന് പി ജയരാജന്‍ - കെപിഎ മജീദിന്റെ പ്രചാരണം ശുദ്ധനുണ 
ആരെ കബളിപ്പിക്കാനാണ് ലീഗിന്റെ നുണപ്രചാരണം; കണ്ണൂര്‍ ജില്ലയില്‍ ഒരിടത്തും എസ്ഡിപിഐയുമായി സഖ്യമില്ലെന്ന് പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി മുന്‍സിപ്പാലിറ്റിയും, പരിയാരം പഞ്ചായത്തും എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് പാര്‍ട്ടി ഭരിക്കുന്നതെന്ന ലീഗ് നേതൃത്വത്തിന്റെ പ്രചാരണം ശുദ്ധ അസംബന്ധമാണെന്ന് സിപിഎം  കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഒരു പ്രമുഖ പത്രത്തില്‍ മുസ്ലീം ലീഗിന്റെ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് ഈ നുണപ്രചരണം നടത്തിയതെന്നും ജയരാജന്‍  പറഞ്ഞു.

ഇരിട്ടി നഗരസഭയില്‍ ആകെ 33 സീറ്റുകളാണുള്ളത്. അതില്‍ 30 സീറ്റുകളില്‍ സി.പി.എമ്മും 3 സീറ്റുകളില്‍ സി.പി.ഐയുമാണ് മത്സരിച്ചിരുന്നത്. 13 സീറ്റുകളില്‍ സി.പി.എം വിജയിച്ചു. മുസ്ലീം ലീഗ് 10 സീറ്റിലും കോണ്‍ഗ്രസ്സ് 5 സീറ്റിലും ബി.ജെ.പി 5 സീറ്റിലുമാണ് വിജയിച്ചത്. തുടര്‍ന്ന് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ചെയര്‍മാന് 13 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗിലെ ചില അംഗങ്ങള്‍ വിട്ടുനിന്നതിനെത്തുടര്‍ന്നാണ് അശോകന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജയരാജന്‍ പറഞ്ഞു. 

പരിയാരം പഞ്ചായത്തില്‍ ആകെയുള്ള 18 സീറ്റില്‍ സി.പി.എമ്മിന് 11 സീറ്റും മുസ്ലീം ലീഗിന് 4 ഉം കോണ്‍ഗ്രസ്സിന് 3 ഉം സീറ്റുകളാണുള്ളത്. ഇവിടെ എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടേയില്ല. ഇതാണ് വസ്തുത എന്നിരിക്കെ ആരെ കബളിപ്പിക്കാനാണ് മുസ്ലീം ലീഗ് നേതൃത്വം ഇത്തരമൊരു നുണപ്രചരണം നടത്തുന്നത് ജയരാജന്‍ ചോദിക്കുന്നു.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് എന്‍.ഡി.എഫുകാര്‍ക്ക് എതിരായി പോലീസ് ചാര്‍ജ്ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതിന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ രേഖാമൂലം നല്‍കിയ കത്തുകള്‍, ഈ തീവ്രവാദ ശക്തിയെ ലീഗ് നേതൃത്വം താലോലിച്ചതിന്റെ തെളിവാണ്. മാറാട് കലാപം എന്‍.ഡി.എഫിന്റെ സൃഷ്ടിയാണെന്നറിഞ്ഞിട്ടും സി.പി.എം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി ആര്‍.എസ്.എസ്സ് നേതൃത്വവുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നേരിട്ട് ചര്‍ച്ച നടത്തിയതും മുസ്ലീം ലീഗ് നേതൃത്വമാണ്. ഈ ചരിത്രമൊന്നും ജനങ്ങള്‍ മറന്നിട്ടില്ല എന്ന് ലീഗ് നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണെന്നും ജയരാജന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com