തകരപ്പെട്ടിയില്‍ നിന്നെടുത്ത ഫിസിക്‌സ് നോട്ട് ബുക്കില്‍ ജൂലി മിസ് എഴുതി തുടങ്ങി 'അഭിമന്യു എനിക്ക്...'; ആ വാക്കുകള്‍ കണ്ണുനീരില്‍ നനഞ്ഞു

ഇപ്പോഴും തന്റെ പ്രിയ വിദ്യാര്‍ത്ഥിയെക്കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടല്ലാതെ ഓര്‍മിക്കാന്‍ ഈ അധ്യാപികയ്ക്ക് കഴിയില്ല
തകരപ്പെട്ടിയില്‍ നിന്നെടുത്ത ഫിസിക്‌സ് നോട്ട് ബുക്കില്‍ ജൂലി മിസ് എഴുതി തുടങ്ങി 'അഭിമന്യു എനിക്ക്...'; ആ വാക്കുകള്‍ കണ്ണുനീരില്‍ നനഞ്ഞു


വട്ടവട; തകരപ്പെട്ടിയില്‍ നിന്നെടുത്ത അഭിമന്യുവിന്റെ പുസ്തകം കൈനീട്ടിവീങ്ങുമ്പോള്‍ ജൂലി ടീച്ചറുടെ ഉള്ളില്‍ അവനോട് പറയാന്‍ ഒരുപാടുണ്ടായിരുന്നിരിക്കാം. ഒറ്റമുറി വീട്ടിലെ പ്ലാസ്റ്റിക കസേരയില്‍ ഇരുന്നുകൊണ്ട് തന്റെ പ്രീയപ്പെട്ട വിദ്യാര്‍ത്ഥിക്കായി ടീച്ചര്‍ എഴുതിത്തുടങ്ങി. 'അഭിമന്യു എനിക്ക്...' പക്ഷേ ആ വരികള്‍ പൂര്‍ത്തിയാക്കാന്‍ ജൂലി മിസ്സിന് ആയില്ല. പുസ്തകം ചേര്‍ത്തുപിടിച്ച് അവര്‍ പൊട്ടിക്കരഞ്ഞു. 

കഴിഞ്ഞ ദിവസം മഹാരാജാസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അഭിമന്യുവിന്റെ വട്ടവടയിലെ കൊട്ടക്കമ്പൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് ഹൃദയം നുറുങ്ങുന്ന സംഭവമുണ്ടായത്. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം നടന്ന അനുസ്മരണ യോഗത്തില്‍ വാക്കുകള്‍ കിട്ടാനാകാതെ കണ്ണീര്‍വാര്‍ത്ത അധ്യാപികയെ നമ്മള്‍ കണ്ടതാണ്. ഇപ്പോഴും തന്റെ പ്രിയ വിദ്യാര്‍ത്ഥിയെക്കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടല്ലാതെ ഓര്‍മിക്കാന്‍ ഈ അധ്യാപികയ്ക്ക് കഴിയില്ല. 

കോളേജിലെ അധ്യാപികയും എന്‍എസ്എസ് കോര്‍ഡിനേറ്ററുമായ ജൂലി ചന്ദ്ര ഹൃദയം നുറുങ്ങുന്ന വേദനയിലാണ് വീട്ടിലേക്ക കയറിയത്. അഭിയുടെ വീട്ടുകാരെ കണ്ട പറയാന്‍ ആശ്വാസവാക്കുകള്‍ പോലുമില്ലാതെ കണ്ണീര്‍ തൂകിക്കൊണ്ട് അധ്യാപിക കസേരയില്‍ കുമ്പിട്ടിരുന്നു. പിതാവ് മനോഹരനും മാതാവ് ഭൂപതിയും തങ്ങളെ ആശ്വസിപ്പാക്കാനെത്തിയ ടീച്ചറെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിച്ചു. 

അപ്പോള്‍ അവിടെയുണ്ടായിരുന്ന ദേവികുളം പഞ്ചായത്ത് അംഗം പി.കെ. സുരേഷ് അഭിമന്യുവിന്റെ പുസ്തകങ്ങളും നോട്ട് ബുക്കുകളും സൂക്ഷിക്കുന്ന തകരപ്പെട്ടിയില്‍ നിന്നു പഴയ ഫിസിക്‌സ് നോട്ട് ബുക്ക് എടുത്ത് ടീച്ചറിന്റെ കൈയില്‍ കൊടുക്കുകയായിരുന്നു. അവനുവേണ്ടി രണ്ടു വാക്ക് എഴുതാന്‍. കൂടെ നിന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവനായി എഴുതി തുടങ്ങിയെക്കിലും അത് കരച്ചിലിലേക്ക് വഴിമാറുകയായിരുന്നു. അവസാനം സ്വയം നിയന്ത്രിച്ച് ജൂലി മിസ് എന്ന് എഴുതി നിര്‍ത്തി. കണ്ണീരിന്റെ നനവില്ലാതെ അഭിമന്യുവിനെ കുറിച്ച് അവര്‍ക്കൊന്നും പറയാനാവില്ല കാരണം അവന്‍ മഹാരാജാസിന് അത്രത്തോളം പ്രീയപ്പെട്ടവനാണ്. 

ഇന്നലെ ഉച്ചയോടെയാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. കൃഷ്ണകുമാര്‍, ഡോ. എം.എസ്. മുരളി എന്നിവരുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും ജീവനക്കാരും അഭിമന്യുവിന്റെ വീട്ടിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com